കൊല്ലം: വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് മാതാ അമൃതാനന്ദമയീ ആഹ്വാനം ചെയ്ത അമൃതശ്രീ (അമൃത സ്വാശ്രയ സംഘം) പദ്ധതി പതിനേഴാം വർഷം പിന്നിടുകയാണ്. കൊല്ലം അമൃതപുരി ആശ്രമത്തിൽ ശനിയാഴ്ച രാവിലെ 10.30-ന് വാർഷിക പരിപാടി സംഘടിപ്പിച്ചു.കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര വിദേശകാര്യമന്ത്രി വി.മുരളീധരൻ, കരുനാഗപ്പള്ളി എംഎൽഎ സി.ആർ.മഹേഷ്, ചവറ എംഎൽഎ സുജിത് വിജയൻ പിള്ള, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കോവിഡ് ദുരിതം ഇപ്പോഴും തുടരുന്നതിനാൽ അമൃതശ്രീ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്കായി 35 കോടി രൂപയുടെ കോവിഡ് ദുരിതാശ്വാസ പാക്കേജ് കൂടി അനുവദിച്ചു. അമൃത സ്വാശ്രയ സംഘം കോഡിനേറ്റർ രംഗനാഥൻ സ്വാഗതപ്രസംഗം അവതരിപ്പിച്ചു. ലോകത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം സ്ത്രീകളാണ്. തീരുമാനമെടുക്കുന്നതിൽ സ്ത്രീകൾക്കുള്ള പങ്ക് വർദ്ധിപ്പിക്കാനുള്ള അമൃതശ്രീ പദ്ധതിയുടെ ശ്രമം പ്രശംസനാർഹമാണെന്ന് വി.മുരളീധരൻ പറഞ്ഞു. നാടിന്റെ പുരോഗതി സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകളുടെ കരുത്ത് വർധിപ്പിക്കാൻ അമൃതശ്രീ പദ്ധതിയിലൂടെ കഴിഞ്ഞു. സഹായിക്കുക എന്ന പ്രവർത്തി മാത്രമല്ല അമൃതശ്രീ എന്ന പദ്ധതി ചെയ്തത്. സ്ത്രീകളെ സ്വയം സംരംഭകരാകാൻ പ്രാപ്തമാക്കിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
35 കോടി രൂപയുടെ വിതരണ ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. കോവിഡ് ഉൾപ്പടെയുള്ള ദുരിതകാലങ്ങളിൽ അമൃതാനന്ദമയീ മഠം കാഴ്ചവയ്ക്കുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്നും അമ്മയുടെ നേതൃത്ത്വത്തിൽ നടക്കുന്ന ഈ പ്രവർത്തനങ്ങൾക്ക് നന്ദി അർപ്പിക്കുന്നതായി ഗവർണ്ണർ പറഞ്ഞു. സഹജീവികളോടുള്ള സ്നേഹവും പരിഗണനയുമാണ് അമ്മ. സ്ത്രീശാക്തീകരണത്തിനായി അമ്മ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകളെന്നും ധീരരായിരിക്കണം, നിർഭയരായിരിക്കണം, ആത്മവിശ്വാസമുള്ളവരുമായിരിക്കണമെന്ന് മാതാ അമൃതാനന്ദമയീ പറഞ്ഞു. മനോപക്വത ഇല്ലാത്തവരാണ് സ്ത്രീകളെന്ന് പൊതുധാരണയുണ്ട്. ആ വാക്കുകളിൽ തളരാതെ കർമ്മധീരതയിലൂടെയും മനോഭാവത്തിലൂടെയും അത്തരം വിമർശനങ്ങൾക്കു മറുപടി നൽകണം. സ്ത്രീക്ക് മാത്രം ഈശ്വരൻ പ്രത്യേകം നൽകി അനുഗ്രഹിച്ചിട്ടുള്ള സ്നേഹം, ക്ഷമ, കാരുണ്യം, എല്ലാത്തിലും ഉപരി മാതൃത്വം, ഇവ നഷ്ടപ്പെടാതെ സൂക്ഷിക്കുകയും വേണം. മാതൃശക്തിയാണ് പ്രപഞ്ചത്തിനാധാരമെന്നും അമ്മ കൂട്ടിച്ചേർത്തു.
നിലവിൽ 21 സംസ്ഥാനങ്ങളിലായി 15,000 ത്തിലധികം സംഘങ്ങളും രണ്ടര ലക്ഷത്തിലധികം അംഗങ്ങളുമുള്ള സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി അമൃതശ്രീ മാറിക്കഴിഞ്ഞു. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമൃതശ്രീ പദ്ധതിയിലൂടെ 50 കോടി രൂപയാണ് മാതാ അമൃതാനന്ദമയീ മഠം ചെലവാക്കിയത്. 35 കോടി രൂപയുടെ അധിക സഹായം ഉടൻ നടപ്പിലാക്കും. 2020-ൽ കൊവിഡ് മഹാമാരി ആരംഭിച്ചതുമുതൽ അമൃതാനന്ദമയീ മഠം കേന്ദ്രത്തിനും കേരളത്തിനുമായി 13 കോടിയോളം രൂപ സാമ്പത്തിക സഹായം നൽകിയിരുന്നു. ഇതിനു പുറമേ തൊഴിൽരഹിതർക്കും സാമ്പത്തികമായി ദുർബലരായ സ്ത്രീകൾക്കുമായി നിരവധി സാമ്പത്തിക സഹായങ്ങടക്കമുള്ള പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.
ഇന്ത്യയെ വിറപ്പിച്ച സുനാമിയുടെ പശ്ചാത്തലത്തിൽ 2004-ലാണ് സ്ത്രീ ശാക്തീകരണ പദ്ധതിയായ അമൃതശ്രീ ആരംഭിച്ചത്. 35 കോടിയുടെ സഹായം ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് സ്ത്രീകൾക്ക് സഹായകമാകും. പലചരക്ക് കിറ്റുകൾ, വസ്ത്രങ്ങൾ എന്നിവയും വിതരണം ചെയ്യും. ഇതോടെ, 2020 ൽ കൊവിഡ് ആരംഭിച്ചതിന് ശേഷം നൽകിയ ആകെ സാമ്പത്തിക സഹായം 85 കോടി രൂപയോളമാകുമെന്നാണ് കണക്ക്. 2.5 ലക്ഷത്തിലധികം സ്ത്രീകൾ അംഗങ്ങളായ പദ്ധതിയാണ് അമൃതശ്രീ.
സുനാമി ആയിരക്കണക്കിന് ജീവിതങ്ങളെ നശിപ്പിക്കുക മാത്രമല്ല, തീരപ്രദേശങ്ങളിലെ മത്സ്യബന്ധന വ്യവസായത്തെയും തകർത്തു. മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയിലായി. വനിതകൾക്ക് ഉപജീവനമാർഗം ആവശ്യമാണെന്ന് മനസിലാക്കിയ അമ്മ അവരുടെ കുടുംബത്തെ സഹായിക്കുന്നതിന് വിവിധ നൈപുണ്യ പരിപാടികൾ ആസൂത്രണം ചെയ്തു. അങ്ങനെയാണ് അമൃതശ്രീ പദ്ധതി ആരംഭിക്കുന്നത്. എല്ലാ വർഷവും അമൃതശ്രീ പദ്ധതിയുടെ സമാരംഭത്തിന്റെ വാർഷികത്തിൽ, മഠം 30,0000 രൂപ സംഘത്തിന് നൽകാറുണ്ട്. അംഗങ്ങളുടെ കുടുംബങ്ങൾക്ക് പുതുവസ്ത്രങ്ങൾക്കൊപ്പം അഞ്ച് ലക്ഷത്തിലധികം സാരികളും വിതരണം ചെയ്യും. 2020-ൽ കൊവിഡ് പകർച്ചവ്യാധി പൂർണ്ണമായി ബാധിച്ചപ്പോഴും, രാജ്യത്തുടനീളമുള്ള എല്ലാ അമൃത ശ്രീ അംഗങ്ങളിലും ഭക്ഷണ കിറ്റുകൾ ഉൾപ്പെടെ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചിരുന്നു.