തിരുവനന്തപുരം:പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യ പ്രതിയായ ഒട്ടകം രാജേഷിനെ പിടികൂടാൻ പോയ പോലീസുകാർ സഞ്ചരിച്ച വള്ളം അപകടത്തിൽപ്പെട്ട വിവരം പുറത്തറിയുന്നത്തൊഴിലുറപ്പ് തൊഴിലാളികൾ കാരണം. വള്ളത്തിൽ തൂങ്ങി കിടക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടു സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികൾ നിലവിളിച്ചതോടെയാണ് അപകടവിവരം പുറത്തറിയുന്നത്.
വർക്കലയിൽ നിന്ന് പണയിൽകടവിലേക്ക് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്.എസ്എപി ക്യാമ്പിലെ പോലീസുകാരനായ ആലപ്പുഴ പുന്നപ്ര സ്വദേശി ബാലു(27) ആണ് അപകടത്തിൽമരിച്ചത്.
വർക്കല സിഐ പ്രശാന്ത്, മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പ്രശാന്ത്, എസ്എപി ക്യാമ്പിലെ പോലീസുകാരൻ ബാലു, വള്ളക്കാരൻ വസന്തൻ എന്നിവരുൾപ്പെട്ട സംഘം സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളക്കാരനെയും സി.ഐ. അടക്കം രണ്ടുപോലീസുകാരെയും ആദ്യം തന്നെ രക്ഷിച്ചു. അല്പസമയം കഴിഞ്ഞാണ് ബാലുവിനെ കരയ്ക്കെത്തിച്ചത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഒട്ടകം രാജേഷ് ഒളിവിൽക്കഴിയുന്ന കേന്ദ്രം രഹസ്യ വിവരത്തിലൂടെ തിരിച്ചറിഞ്ഞ പോലീസ് വള്ളത്തിൽ പണയിൽക്കടവിലേക്ക് പോവുകയായിരുന്നു. വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസുകാർക്കൊപ്പം വർക്കലയിൽ നിന്നുള്ള പോലീസുകാരും പ്രതിയെ പിടികൂടാനായി വള്ളത്തിൽ പുറപ്പെട്ടിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.
വള്ളത്തിൽ തൂങ്ങി കിടക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടു സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികൾ നിലവിളിക്കുകയായിരുന്നു.തുടർന്ന് നാട്ടുകാരും മറ്റും ഓടിക്കൂടി രണ്ട് പോലീസുകാരെ കരയ്ക്കെത്തിച്ചു. അഗ്നിരക്ഷാസേനയെത്തിയ ശേഷമാണ് ബാലുവിനെ കരയ്ക്കെത്തിക്കാനായത്. അവശനിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോത്തൻകോട് സുധീഷ് കൊലക്കേസിൽ പ്രതികളായ പത്ത് പേരെയും കഴിഞ്ഞദിവസങ്ങളിൽ പോലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാംപ്രതിയായ ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാൾക്കായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളിൽ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.
Content Highlights:pothancode murder case investigation policeman dies in boat accident