തിരുവനന്തപുരം
സർവകലാശാലകളിൽ അഫിലിയേഷനുള്ള സ്വാശ്രയ കോളേജുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകൾ ഉറപ്പാക്കുന്ന നിയമം കൊണ്ടുവന്നത് സ്വാശ്രയ വിദ്യാഭ്യാസമേഖലയിലെ അരാജകത്വം അവസാനിപ്പിക്കാനും ഗുണനിലവാരം ഉറപ്പാക്കാനുമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
സെൽഫ് ഫിനാൻസ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ (എസ്എഫ്സിടിഎസ്എ) സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയിൽ വലിയ കച്ചവടസാധ്യതകളാണ് കുത്തകകൾക്ക് തുറന്നുകിട്ടിയത്. എന്നാൽ, കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ മുതൽമുടക്കിന് സർക്കാരാണ് മുന്നോട്ടുവന്നിട്ടുള്ളത്. ഗുണപ്രാപ്തിയുള്ള ഉന്നത വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യം.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ അരാജകത്വം അവസാനിപ്പിക്കാനാണ് നിയമം കൊണ്ടുവന്നത്. നിയമം നടപ്പാക്കിയാൽ സർക്കാർ, എയ്ഡഡ് മേഖലയിലെന്നപോലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലും ഗുണപരമായ മുന്നേറ്റം സാധ്യമാകുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. കെഎസ്ടിഎ ഹാളിൽ നടത്തിയ കൺവൻഷനിൽ എസ്എഫ്സിടിഎസ്എ പ്രസിഡന്റ് ഡോ. പി കെ ബിജു അധ്യക്ഷനായി. സർക്കാർ കൊണ്ടുവന്ന സ്വാശ്രയനിയമം നടപ്പാക്കാൻ സർവകലാശാലകൾ സ്റ്റാറ്റ്യൂട്ട് ഭേദഗതി ചെയ്യണം, മുഴുവൻ സർവകലാശാലയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരിക തുടങ്ങിയ പ്രമേയങ്ങളും കൺവൻഷൻ പാസാക്കി.
സംസ്ഥാന സെക്രട്ടറി ഡോ. എ അബ്ദുൾവഹാബ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദൻ, ജില്ലാ പ്രസിഡന്റ് എ അരവിന്ദ്, എസ് ശ്യാംകുമാർ, എം സി മനീഷ, സുമ വി മാധവൻ എന്നിവർ സംസാരിച്ചു.