കൊച്ചി > എറണാകുളം ജനറൽ ആശുപത്രിയിൽ ബൈപാസ് ഹൃദയശസ്ത്രക്രിയ വിജയകരമായി പൂർത്തിയായപ്പോൾ സാധാരണജീവിതത്തിലേക്ക് തിരികെയെത്തി വൈപ്പിൻ സ്വദേശി പ്രസാദ് (54). ഏഴിക്കര കടക്കര കറുത്താംപറമ്പിൽ പ്രസാദിന് ഒരുമാസം മുമ്പാണ് കടുത്ത ആരോഗ്യപ്രശ്നമുണ്ടായത്. നടക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമെല്ലാം കിതപ്പ് അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
ഹൃദയശസ്ത്രക്രിയ വേണമെന്നും മൂന്നു ലക്ഷംരൂപ ചെലവുവരുമെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. പള്ളിയാക്കൽ സഹകരണ ബാങ്കിൽ താൽക്കാലിക ഡ്രൈവറായി ജോലി ചെയ്യുന്ന പ്രസാദിന് ഇതു താങ്ങാൻ കഴിയുമായിരുന്നില്ല. തുടർന്നാണ് ജനറൽ ആശുപത്രിയിലെത്തിയത്. ജനറൽ ആശുപത്രിയിൽ സൗജന്യമായാണ് പ്രസാദിന് ബൈപാസ് ശസ്ത്രക്രിയ സാധ്യമായത്. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ശസ്ത്രക്രിയക്കുശേഷം മൂന്നുനാലു ദിവസത്തിനുശേഷമേ മുറിയിലേക്ക് മാറ്റൂ എന്നും ഡോക്ടർമാർ അറിയിച്ചു.
ജനറൽ ആശുപത്രിയിൽ എത്തിയ മന്ത്രി വീണാ ജോർജ് പ്രസാദിന്റെ ഭാര്യാസഹോദരൻ ദേവദാസിനെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു. എല്ലാ സൗകര്യങ്ങളും ഉണ്ടാകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി ഉറപ്പുനൽകി. പ്രസാദിന്റെ സഹോദരൻ പ്രദീപ്, ബന്ധുവായ സുനി, മറ്റു ബന്ധുക്കൾ എന്നിവരും ആശുപത്രിയിലുണ്ട്. ഭാര്യയും വിദ്യാർഥികളായ രണ്ടു പെൺമക്കളും അടങ്ങുന്നതാണ് പ്രസാദിന്റെ കുടുംബം.