തിരുവനന്തപുരം
സംസ്ഥാനത്തിന് യുഎഇ മന്ത്രി വാഗ്ദാനം ചെയ്ത മെഗാ ഫുഡ് പാർക്ക് കേരളത്തിന്റെ ഭക്ഷ്യസംസ്കരണമേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. പദ്ധതി യാഥാർത്ഥ്യമായാൽ ചുരുങ്ങിയത് 1000 കോടി രൂപയുടെ നിക്ഷേപത്തിനും 5000 പേർക്ക് നേരിട്ടും 15000ത്തിലേറെ പേർക്ക് അല്ലാതെയുമുള്ള തൊഴിലിനും സാധ്യത ഒരുങ്ങും. കൂടുതൽപേരെ മത്സ്യ കൃഷിയിലേക്കും പച്ചക്കറി പഴം കൃഷികളിലേക്കും ആകർഷിക്കാനാകും.
ഭക്ഷ്യോൽപ്പന്ന സംഭരണത്തിനും സംസ്കരണത്തിനുമുള്ള ആധുനിക സംവിധാനങ്ങളാകും പാർക്കിലുണ്ടാവുക. ഇത് ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപഭോക്താവിന് എത്തിക്കാനും വഴിയൊരുക്കും.
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് യുഎഇ വിദേശ വാണിജ്യമന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദി ഫുഡ് പാർക്ക് തുടങ്ങാമെന്ന് അറിയിച്ചത്. കേരളത്തിന്റെ വ്യവസായ സൗഹൃദാന്തരീക്ഷത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യുഎഇ മന്ത്രിയുടെ വാഗ്ദാനം. ഇത് മറ്റുള്ള നിക്ഷേപകർക്കും സന്ദേശമാകും.
ലോകോത്തര ഐടി കമ്പനികൾക്ക് പുറമെ മറ്റ് വ്യവസായങ്ങളും കേരളത്തിലേക്ക് എത്തുകയാണ്. കൊച്ചിയിൽ ജപ്പാന്റെ വ്യവസായ ക്ലസ്റ്റർ ആരംഭിക്കാൻ ചർച്ച നടന്നു. പ്രവാസി വ്യവസായ ഗ്രൂപ്പായ ആസ്കോ 500 കോടി നിക്ഷേപിക്കാൻ ധാരണയായി. 690 കോടി മുതൽമുടക്കിൽ ടാറ്റ കൺസൾട്ടൻസി സർവീസിന്റെ ഇന്നൊവേഷൻ പാർക്കും കൊച്ചിയിൽ തുടങ്ങും.















