തുരുവനന്തപുരം > 2010‐2014 കാലയളവിലെ സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ നിന്ന് 24 പേർക്ക് ഉടൻ നിയമനം നൽകുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. സ്പോർട്സ് ക്വാട്ട നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങള് പരിശോധിക്കാന് ഉന്നതതല സമിതിയെ നിയോഗിച്ചതായും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
സെക്രട്ടറിയേറ്റിന് മുന്നില് സമരം നടത്തുന്ന കായികതാരങ്ങളുമായി ചര്ച്ച നടത്തിയ ശേഷമാണ് തീരുമാനം. കമ്മിറ്റി 45 ദിവസത്തിനകം റിപ്പോര്ട്ട് നല്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് ശേഷംസമരം അവസാനിപ്പിക്കാനുള്ള കായികതാരങ്ങളുടെ തീരുമാനത്തിൽ ഏറെ സന്തോഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
കായിക താരങ്ങൾക്കും കളികൾക്കും ഏറ്റവും നല്ല പരിഗണനയാണ് എൽഡിഎഫ് ഗവൺമെന്റുകൾ നൽകിയിട്ടുള്ളത്. കഴിഞ്ഞ എൽഡിഎഫ് ഗവൺമെന്റ് 580 കായിക താരങ്ങൾക്ക് നിയമനം നൽകി. ലിസ്റ്റിലെ മറ്റു താരങ്ങൾക്കും ജോലി ലഭിക്കണമെന്നാണ് ഗവൺമെന്റ് ആഗ്രഹിക്കുന്നത്. അതിനുള്ള സാധ്യതകൾ പരിശോധിക്കും. സമിതി റിപ്പോർട്ട് കിട്ടിയാലുടൻ ഇക്കാര്യം പരിഗണിക്കും. കായികതാരങ്ങളുടെ ഏതു പ്രതിസന്ധിയിലും പിന്തുണ നൽകുമെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.















