നേതൃത്വത്തിനെതിരെ ഷെയ്ക് പി ഹാരിസിനൊപ്പം കടുത്ത നിലപാട് സ്വീകരിച്ച വി സുരേന്ദ്രൻ പിള്ള രാജിവെച്ചിട്ടില്ല. മൂന്ന് നേതാക്കളുടെ രാജിയുണ്ടായ സാഹചര്യത്തിൽ സുരേന്ദ്രൻ പിള്ളയുടെ രാജി വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.
സംസ്ഥാന നേതൃത്വത്തിലെ പൂർണമായ നേതൃത്വമാറ്റം ആവശ്യമാണെന്ന നിർദേശം ചർച്ച ചെയ്യാനോ ഇതിന്മേലുള്ള തർക്കം പരിഹരിക്കാനോ നേതൃത്വം തയ്യാറായില്ലെന്ന് ഷെയ്ക് പി ഹാരിസ് നൽകിയ രാജി കത്തിൽ വ്യക്തമാക്കുന്നുണ്ടെന്ന് ‘മീഡിയ വൺ’ റിപ്പോർട്ട് ചെയ്തു. പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളിൽ നൽകിയിരുന്ന ചുതലകളിൽ ഏകപക്ഷീയമായി മാറ്റങ്ങൾ വരുത്തുകയും തന്നിഷ്ടക്കാരെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലടക്കം നോമിനേറ്റ് ചെയ്തതായും അദ്ദേഹം ആരോപിക്കുന്നുണ്ട്.
പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേർന്നിട്ട് മാസങ്ങളായി. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാനോ കഴിയാത്ത അവസ്ഥയാണ് പാട്ടിയുള്ളതെന്നും ഷെയ്ക് പി ഹാരിസ് പറഞ്ഞു.
ഷെയ്ക് പി ഹാരിസ് അടക്കമുള്ളവരുടെ രാജിയിൽ പ്രതികരണം നടത്താൻ എൽ ജെ ഡി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. വിമത നേതാക്കളുമായി പാർട്ടി അധ്യക്ഷൻ ശ്രേയാംസ് കുമാർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയെങ്കിലും നീക്കം വിജയം കണ്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് നേതാക്കളുടെ രാജി. രാജി സമർപ്പിച്ച് ഷെയ്ക് പി ഹാരിസ് അടക്കമുള്ളവർ ഏത് പാർട്ടിയിൽ ചേരുമെന്ന് വ്യക്തമായിട്ടില്ല.
എൽജെഡി അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷെയ്ക് പി ഹാരിസിൻ്റെയും വി സുരേന്ദ്രൻ പിള്ളയുടെയും നേതൃത്വത്തിലുള്ള ഒരു വിഭാഗം കഴിഞ്ഞ മാസം രംഗത്തുവന്നിരുന്നു.
ഷെയ്ക് പി ഹാരിസും കൂട്ടരും ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും വിമതരാണ് വിഭാഗീയ പ്രവർത്തനം നടത്തുന്നതെന്നും ശ്രേയാംസ് കുമാർ പറഞ്ഞിരുന്നു. താൻ രാജിവെക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
“സംസ്ഥാന കമ്മിറ്റി വിളിക്കുന്നില്ല എന്ന ആരോപണം തെറ്റാണ്. അഞ്ച് മാസത്തിനിടെ രണ്ട് സംസ്ഥാന കമ്മിറ്റി യോഗവും രണ്ട് പ്രവശ്യം ഭാരവാഹികളുടെ യോഗവും ചേർന്നിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിയുടെ ചർച്ചകളിൽ പങ്കെടുത്തയാൾ തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് ആ ചർച്ചയിൽ പങ്കെടുത്തവർക്കറിയാം. പാർട്ടിയുടെ പ്രസിഡൻ്റ് എന്ന നിലയിൽ പാർട്ടി തീരുമാനങ്ങളാണ് നടപ്പിലാക്കുന്നതെന്നും” – എന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കിയിരുന്നു.
പാർട്ടിയിൽ ശ്രേയാംസ് കുമാറിൻ്റെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നാണ് വിമത വിഭാഗത്തിൻ്റെ പ്രധാന ആരോപണം. പാർട്ടിയുടെ ഏക എൽഎൽഎ ആയ കെ പി മോഹനന് മന്ത്രിസ്ഥാനം ഉറപ്പാക്കുന്നതിൽ ശ്രദ്ധ കാണിക്കാതിരുന്ന ശ്രേയാംസ് കുമാർ രാജ്യസഭാ എം പി സ്ഥാനം നിലനിർത്താനാണ് നീക്കം നടത്തിയത്. തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം തന്നെ മത്സരിക്കുന്ന പ്രവണതയാണുള്ളതെന്നുമാണ് വിമതർ ആരോപിക്കുന്നത്.