ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നടൻദിലീപ് പിൻവലിച്ചു. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. വിടുതൽ ഹർജി തള്ളിക്കൊണ്ട് വിചാരണ കോടതി നടത്തിയ ചില പരാമർശങ്ങൾക്കെതിരെ ആവശ്യമെങ്കിൽ പിന്നീട് കോടതിയെ സമീപിക്കാനും ദിലീപിന് സുപ്രീം കോടതി അനുമതി നൽകി.
വിടുതൽഹർജി തള്ളിയതിന് എതിരെ 2020 ജനുവരിയിലായിരുന്നു ദിലീപ് സുപ്രീംകോടതിയിൽ ഹർജിനല്കിയത്. ഈ ഹർജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഫിലിപ്പ് ടി. വർഗീസ് കോടതിയെ അറിയിച്ചു. വിചാരണക്കോടതിയിൽ ഇതിനോടകം 202 സാക്ഷികളുടെ വിസ്താരം പൂർത്തിയായതായും അദ്ദേഹം കോടതിയെ അറിയിച്ചു. തുടർന്നാണ് ജസ്റ്റിസുമാരായ എ. എം. ഖാൻവിൽക്കർ, സി. ടി. രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്.
സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രൺജിത് കുമാർ ദിലീപിന്റെ ഹർജി നിലവിൽ അപ്രസക്തമാണെന്ന് കോടതിയിൽ വാദിച്ചു. വിചാരണക്കോടതി ഉത്തരവിലെ പരാമർശങ്ങൾക്കെതിരേപിന്നീട് കോടതിയെ സമീപിക്കാൻ ദിലീപിന് അനുമതി നൽകുന്നതിനെയും രഞ്ജിത്ത് കുമാർ എതിർത്തു. എന്നാൽ ഈ എതിർപ്പ് സുപ്രീം കോടതി അംഗീകരിച്ചില്ല.
Content Highlights:Actress assault case: Dileep withdraws plea from Supreme Court