മാനന്തവാടി: വയനാട്ടിലെ കുറുക്കൻമൂലയെയും പരിസരപ്രദേശങ്ങളെയും നാളുകളായി വിറപ്പിക്കുകയാണ് ഒരു കടുവ. കടുവയെ തളയ്ക്കാൻ സർവസന്നാഹങ്ങളുമുപയോഗിച്ച് നാടിളക്കി തിരച്ചിൽ നടത്തുമ്പോഴും കടുവയുടെ ആക്രമണം തുടർക്കഥയായതോടെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തത്തി. ഇന്നലെ രാത്രി പയ്യമ്പള്ളി പുതിയടത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. എന്നാൽ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ കാൽപാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ ഇന്നലെ രാത്രി കടുവ ഇറങ്ങിയപ്പോൾ വേണ്ടരീതിയിൽ തിരച്ചിൽ നടത്താൻ ഉദ്യോഗസ്ഥർക്കും വനപാലകർക്കും സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെ നാട്ടുകാരുടെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായി. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. എന്നാൽ രാത്രിയിൽ തിരച്ചിൽ നടത്തുന്നതും മയക്കുവെടി വെക്കുന്നതും അപകടകരമാണെന്നാണ് വനംവകുപ്പ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ഇന്ന് രാവിലെ മുതൽ തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. 180 വനംവകുപ്പ് ജീവനക്കാരും 30 പോലീസുകാരും അടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തുന്നത്. കാടിനകത്ത് ഇറങ്ങിയും തിരച്ചിൽ നടത്തും. കുങ്കിയാനകളെ തോട്ടം മേഖലയിൽ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
റോഡിലൂടെ നടക്കുന്ന കടുവയെ കണ്ട് വിദ്യാർഥി
തൃശൂരിൽ അഡ്മിഷന് പോയി കാറിൽ മടങ്ങി വരുകയായിരുന്നു മിഥുലയും കുടുംബവും. രാത്രി 12.30 ഓടെ പയ്യമ്പള്ളി പുതിയടത്ത് വെച്ചാണ് ഇവർ കടുവ റോഡിലൂടെ നടന്നുവരുന്നത് കണ്ടത്. ഉടൻ തന്നെ വാഹനം നിർത്തി. കടുവ തങ്ങളെ കണ്ടിട്ടില്ലെന്ന് മിഥുന പറഞ്ഞു.
മിഥുല
ഉടൻ വാർഡ് മെമ്പറെ മറ്റു പ്രദേശവാസികളേയും വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാർ സംഘടിച്ച് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഇതിനിടെ കുറച്ച് വനപാലകരും സ്ഥലത്തെത്തി. കാൽപാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ വനപാലകർ തിരിച്ചിലിന് വേണ്ടത്ര സന്നാഹത്തോടെയല്ല വന്നതെന്ന് ചൂണ്ടിക്കാട്ടിയാണ്നാട്ടുകാർ പ്രതിഷേധിച്ചത്.
കടുവ മൂരിക്കിടാവിനെ കൊന്ന പുതിയിടം വടക്കുംപാറ വി.ജെ. ജോണിന്റെ വീട്ടിലെത്തിയ ഉദ്യോഗസ്ഥർക്കുമുന്നിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തിയപ്പോൾ
കടുവ കുറുക്കൻമൂല വിട്ട് പയ്യമ്പള്ളിയിലെത്തി
കടുവ സ്ഥിരം ഇറങ്ങുന്ന കുറുക്കൻമൂലയിലും പരിസരപ്രദേശങ്ങളിലും വനംവകുപ്പ് കനത്ത കാവലും പട്രോളിങ്ങും ഏർപ്പെടുത്തിയതോടെ കടുവ റൂട്ടുമാറ്റിയിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് കുറുക്കൻമൂലവിട്ട് മൂന്നുകിലോമീറ്റർ അകലെ പയ്യമ്പള്ളി പുതിയിടത്ത് കടുവയിറങ്ങിത്. മൂരിക്കിടാവിനെയും ആടിനെയും കൊന്നു. റിട്ട. അധ്യാപകൻ വടക്കുംപാറ വി.ജെ. ജോണിന്റെ മൂരിക്കിടാവിനെയും പരുന്താനിയിൽ ലൂസി ടോമിയുടെ ആടിനെയുമാണ് കടുവ പിടിച്ചത്.
മൂരിക്കിടാവിനെ വലിച്ചുകൊണ്ടുപോയി, ആടിന്റെ അവശിഷ്ടങ്ങൾ കിട്ടി
വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് വടക്കുംപാറ ജോണിന്റെ മൂരിക്കിടാവിനെ കടുവ പിടിച്ചത്. പറമ്പിലൂടെ വലിച്ചുകൊണ്ടുപോയ കിടാവിനെ കടുവ വഴിയിൽ ഉപേക്ഷിച്ചു. തൊഴുത്തിന് സമീപത്തുണ്ടായ മത്തൻവള്ളികൾക്കിടയിലൂടെയാണ് കടുവ മൂരിക്കിടാവിനെ കൊണ്ടുപോയത്. ഇതിന്റെ പാടുകളുമുണ്ട്. തുടർന്ന്, ലൂസിയുടെ ആടിനെ കൊണ്ടുപോയി. രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൂരിക്കിടാവിന്റെ ജഡം കണ്ടെത്തിയത്.
പ്രദേശത്ത് വയലിനോടുചേർന്ന് ആടിനെ തിന്നതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ഇതോടെ 19 ദിവസത്തിനിടെ കടുവ കൊന്ന വളർത്തുമൃഗങ്ങളുടെ എണ്ണം 18ആയി. ആട്, പശുക്കിടാവ്, മൂരിക്കിടാവ്, പട്ടി തുടങ്ങിയവയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ആടുകളെയാണ് കടുവ തിന്നത്. മറ്റുള്ളവയെ കൊന്ന് വഴിയരികിൽ ഉപേക്ഷിച്ചു.
കടുവ കൊന്ന മൂരിക്കിടാവിന്റെ ജഡം കണ്ടെത്തിയ സ്ഥലത്ത്
വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
മയക്കുവെടിവെക്കാൻ ഒരുസംഘം കൂടി, കൂടുതൽ ജീവനക്കാരും
അഞ്ചുകൂടുകൾവെച്ച് കെണിയൊരുക്കി കാത്തിരുന്നിട്ടും കടുവ കുടുങ്ങാതിരിക്കുകയും ആക്രമണം പതിവാകുകയും ചെയ്തതോടെ കടുവയെ മയക്കുവെടിവെക്കാനായി ഒരുസംഘംകൂടി കുറുക്കൻമൂലയിലെത്തി. നിലവിൽ ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ കടുവയെ മയക്കുവെടിവെക്കാനുള്ള എല്ലാസജ്ജീകരണങ്ങളും ഒരുക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി.
മയക്കുവെടി ലക്ഷ്യമാക്കി പകൽ കുങ്കിയാനകളുടെ സഹായത്തോടെ നാടിളക്കി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കടുവയെ കണ്ടെത്താനാവാത്തതാണ് തടസ്സമാവുന്നത്. ഇതിനുപുറമേ താമരശ്ശേരിയിൽനിന്നുള്ള റാപ്പിഡ് റെസ്പോൺസ് ടീമും കുറുക്കൻമൂലയിൽ എത്തിയിട്ടുണ്ട്. ഒട്ടേറെ ക്യാമറകൾ വെച്ചും കടുവയെ നിരീക്ഷിക്കുന്നുണ്ട്. മൂന്നുചിത്രങ്ങളാണ് ഇതുവരെ കിട്ടിയത്. കടുവയിറങ്ങാൻ സാധ്യതയുള്ള ഭാഗങ്ങൾ കണ്ടെത്തി വ്യാഴാഴ്ച അഞ്ചുക്യാമറകൾ മാറ്റിസ്ഥാപിച്ചിട്ടുണ്ട്.
കൊമ്പനാനകളേയും മറികടന്നു
കൊമ്പനാനകളെയുംകൂട്ടി വനംവകുപ്പ് രാത്രി മുഴുവൻ കാവൽ നിന്നിട്ടും അതെല്ലാം മറികടന്നാണ് കടുവ പതിവുപോലെ കുറുക്കൻമൂലയിലെത്തിയത്. കനത്ത കാവലിനെയും മറികടന്ന് കുറുക്കൻമൂല തെനംകുഴി ജിൽസിന്റെ വീടിനുസമീപമാണ് ചൊവ്വാഴ്ച പുലർച്ചെയും കടുവ എത്തിയത്. പ്രദേശത്തുനിന്ന് കിട്ടിയ കാൽപ്പാടിന്റെ അടിസ്ഥാനത്തിലാണ് കടുവയിറങ്ങിയതായി സ്ഥിരീകരിച്ചത്. കടുവയെ പിടികൂടാനായി വെച്ച കൂടിനടുത്തായാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. കടുവയെ ആകർഷിക്കാനായി കൂട്ടിൽ ആടിനെ കെട്ടിയിരുന്നെങ്കിലും കെണിയിലൊന്നും കടുവ വീണില്ല. അഞ്ചുകൂടുകൾ കടുവയ്ക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ടും ഒന്നിലും കടുവ കുടുങ്ങിയില്ല.
സെൻസസിൽ ഉൾപ്പെടാത്ത കടുവ
വയനാട്ടിലെ കുറുക്കൻമൂലയെയും പരിസരപ്രദേശങ്ങളെയും നാളുകളായി വിറപ്പിക്കുന്ന കടുവ വനംവകുപ്പിന്റെ സെൻസസിൽ ഉൾപ്പെടാത്തതെന്ന് വ്യക്തമായി. ജനവാസകേന്ദ്രത്തിൽ കടുവയെ നിരീക്ഷിക്കാനായിവെച്ച ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങളിൽനിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2016- മുതൽ ക്യാമറാ ട്രാപ്പിൽ കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ലെന്ന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജർ ഡോ. അരുൺ സഖറിയ പറഞ്ഞു.
സമീപത്തുള്ള മുതുമല, ബന്ദിപ്പുർ കടുവാ സങ്കേതങ്ങളിൽനിന്ന് കടുവ വയനാട്ടിലെ കാടുകളിലെത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരീകരണത്തിനായി കടുവയുടെ ചിത്രങ്ങൾ മുതുമല, ബന്ദിപ്പുർ കടുവാസങ്കേതത്തിലേക്ക് അയച്ചു നൽകിയിട്ടുണ്ട്. മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂലയിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ച ഇരുപതിലധികം ക്യാമറകളിൽനിന്ന് മൂന്നുചിത്രങ്ങളാണ് ഇതുവരെ കിട്ടിയത്. ചിത്രത്തിൽനിന്ന് കടുവയുടെ കഴുത്തിൽ ആഴത്തിൽ മുറിവുള്ളതായും വ്യക്തമായി. പരിക്കുകാരണം കാട്ടിൽ ഇരതേടാനാവാത്തതിനാലാണ് കടുവ പതിവായി ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്നത്. കൃഷിയിടത്തിലിറങ്ങുന്ന പന്നികളെയും മറ്റും ലക്ഷ്യം വെച്ചൊരുക്കുന്ന മുൾവേലികളിൽ നിന്നോ കെണിയിൽ നിന്നോ മറ്റോ ആകാം കടുവയ്ക്ക് മുറിവേറ്റതെന്നാണ് നിഗമനം.
ഭീതിയുടെ 19 നാളുകൾ, കൊല്ലപ്പെട്ടത് 18വളർത്തുമൃഗങ്ങൾ
നവംബർ 28 മുതലാണ് മാനന്തവാടി നഗരസഭാപരിധിയിലെ കുറുക്കൻമൂലയും പരിസരപ്രദേശങ്ങളും കടുവാഭീതിയിലാവുന്നത്. ഇത്രയും ദിവസത്തിനുള്ളിൽ 18വളർത്തുമൃഗങ്ങളെ കടുവ കൊന്നു. വിവിധ ഭാഗങ്ങളിലായി അഞ്ചു കൂടുകൾ വെച്ച് കടുവയ്ക്കായി കെണി ഒരുക്കിയെങ്കിലും ഒന്നിലും കടുവ കുടുങ്ങിയില്ല. മുമ്പ് കെണിയിൽ കുടുങ്ങിയതിനാലാണോ കടുവ കൂട്ടിൽ കയറാത്തതെന്ന സംശയവും ഇതോടെ ബലപ്പെട്ടു. കാൽപ്പാടുകളും ചിത്രങ്ങളും പരിശോധിച്ച് നാട്ടിലിറങ്ങുന്നത് ഒരേ കടുവ തന്നെയാണെന്ന് വനംവകുപ്പ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ടെങ്കിലും പകൽ കടുവയെ കണ്ടെത്താനാവാത്തതിനാൽ മയക്കുവെടി വെക്കാനായിട്ടില്ല.
റാപ്പിഡ് റെസ്പോൺസ് ടീം ഉൾപ്പെടെ 150 വനംവകുപ്പ് ജീവനക്കാരാണ് കടുവയ്ക്കായി തിരച്ചിൽ നടത്തുന്നത്. കടുവയെ തളയ്ക്കാനായി വടക്കനാട് കൊമ്പൻ, കല്ലൂർ കൊമ്പൻ എന്നീ രണ്ടു കുങ്കിയാനകളുടെ സഹായവും തിരച്ചിലിനുണ്ട്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് പ്രദേശത്ത് പ്രത്യേക സുരക്ഷാസംവിധാനം ഒരുക്കിയിട്ടുണ്ട്.