അഡ്-ലെയ്ഡ് ഓവൽ
പിങ്ക് പന്തുമായി ഇംഗ്ലണ്ടിന്റെ അഞ്ചംഗ പേസ് നിര വിറപ്പിക്കാൻ ശ്രമിച്ചെങ്കിലും ഓസീസ് പതറിയില്ല. രണ്ടാം ആഷസ് ടെസ്റ്റിന്റെ ആദ്യദിനം ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റണ്ണെടുത്തു. 95 റണ്ണുമായി മാർണസ് ലബുഷെയ്ൻ ക്രീസിലുണ്ട്. 18 റണ്ണെടുത്ത പകരക്കാരൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്താണ് കൂട്ട്. സെഞ്ചുറിക്ക് അഞ്ചു റണ്ണകലെ ഡേവിഡ് വാർണർ പുറത്തായി.
ടോസ് നേടിയ സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുത്തു. സ്റ്റുവർട്ട് ബ്രോഡും ജയിംസ് ആൻഡേഴ്സണും തിരിച്ചെത്തിയപ്പോൾ ഇംഗ്ലീഷ് ബൗളിങ് നിര ശക്തമായി. മറുവശത്ത് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് പകരം മിച്ചെൽ നാസറും ജോഷ് ഹാസെൽവുഡിന് പകരം ജെെ റിച്ചാർഡ്സണും ഓസീസ് നിരയിൽ വന്നു.
മാർകസ് ഹാരിസിനെ (3) പെട്ടെന്ന് മടക്കി ബ്രോഡ് ഇംഗ്ലണ്ടിന് ആശിച്ച തുടക്കം നൽകി. 150–ാം ടെസ്റ്റായിരുന്നു ബ്രോഡിന്. ഓസീസ് റണ്ണെടുക്കാൻ ആദ്യഘട്ടത്തിൽ വിഷമിച്ചു. ഇരുപതാം പന്തിലാണ് വാർണർ ആദ്യറൺ നേടിയത്. ആദ്യ 10 ഓവറിൽ 11 റണ്ണായിരുന്നു ഓസീസിന്റെ സ്കോർ. ലബുഷെയ്നും തുടക്കത്തിൽ പരിഭ്രമിച്ചു. എങ്കിലും ഇംഗ്ലീഷ് ബൗളർമാരെ ഇരുവരും മികച്ച രീതിയിൽ നേരിട്ടു. ഇതിനിടെ ലബുഷെയ്നെ രണ്ടുതവണ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്-ലർ വിട്ടുകളഞ്ഞു.
രണ്ടാംവിക്കറ്റിൽ 172 റണ്ണാണ് വാർണർ–ലബുഷെയ്ൻ സഖ്യം നേടിയത്. 345 പന്തുകൾ നേരിട്ടു. സ്കോർ 176ൽ വച്ചാണ് ഓസീസിന് രണ്ടാംവിക്കറ്റ് നഷ്ടമാകുന്നത്. തകർപ്പൻ പ്രകടനവുമായി മുന്നേറിയ വാർണറെ ബെൻ സ്റ്റോക്സിന്റെ പന്തിൽ ബ്രോഡ് പിടിച്ചുപുറത്താക്കി. 11 ഫോറുകളായിരുന്നു വാർണറുടെ ഇന്നിങ്സിൽ. ലബുഷെയ്നെ സ്റ്റോക്സ് നിരവധി തവണ പരീക്ഷിച്ചു. ഏഴ് ഫോറുകൾ ലബുഷെയ്ന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ആദ്യ ആഷസ് സെഞ്ചുറിക്ക് അരികിലാണ് ഈ ഇരുപത്തേഴുകാരൻ. 275 പന്തിലാണ് 95 റൺ നേടിയത്.