ന്യൂഡൽഹി
ആർഎസ്എസ് സംഘടനയുടെ ചടങ്ങിൽ ഭരണഘടനാ വിരുദ്ധ പ്രസ്താവന നടത്തിയ ജമ്മു-കശ്മീർ, ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിഥലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വൻ വീഴ്ച വരുത്തി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കത്തിന്റെ പകർപ്പ് നൽകി.
‘മതനിരപേക്ഷത’, ‘സോഷ്യലിസ്റ്റ്’ എന്നീ പദങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് ഇന്ത്യയുടെ ആത്മീയ പ്രതിച്ഛായക്ക് കോട്ടം വരുത്തി’യെന്നാണ് സെമിനാറിൽ ജസ്റ്റിസ് മിഥൽ പറഞ്ഞത്. ‘ചിലപ്പോഴൊക്കെ കടുംപിടിത്തം കാരണമാണ് ഈ ഭേദഗതികൾ വരുത്തിയത്’ എന്നും പറഞ്ഞു. ഡിസംബർ അഞ്ചിന് ജമ്മുവിൽ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭരണഘടനയ്ക്ക് എതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഈ ജൽപ്പനം നടത്തിയത്, അതും പ്രത്യേക ആശയഗതി പുലർത്തുന്ന സംഘടനയുടെ പരിപാടിയിൽ, മാപ്പർഹിക്കാത്ത തെറ്റാണ്.
ഭരണഘടനയുടെ കാവൽക്കാരൻ എന്ന നിലയിലും ചീഫ് ജസ്റ്റിസിന്റെ നിയമനാധികാരി എന്ന നിലയിലും ജസ്റ്റിസ് മിഥലിനെ അടിയന്തരമായി തൽസ്ഥാനത്തുനിന്ന് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.