ബാലുശേരി> ബാലുശേരി പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനു നേരെ പ്രതിയുടെ അക്രമം. ബാലുശേരി റസ്റ്റ് ഹൗസിൽ മദ്യപിച്ച് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത കൊല്ലം കടക്കൽ പുലിപ്പാറ അർജുൻ (23) ആണ് സ്റ്റേഷനിൽ അക്രമം കാണിച്ചത്.
ബുധനാഴ്ച ബാലുശേരി തേനാക്കുഴിയിൽ സഹോദരനും സുഹൃത്തിനുമൊപ്പം പെണ്ണുകാണാനെത്തിയ ഇവർ ബാലുശേരി റസ്റ്റ് ഹൗസിൽ മുറിയടുത്ത് താമസിക്കുകയായിരുന്നു. റസ്റ്റ് ഹൗസിൽവച്ച് കുടുംബ കാര്യങ്ങളെ ചൊല്ലി സഹോദരനുമായി വാക്കുതർക്കമുണ്ടായി. രാത്രി ബഹളം കേട്ട് എത്തിയ റസ്റ്റ് ഹൗസ് സെക്യൂരിറ്റി ജീവനക്കാരനെയും മർദിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചപ്പോൾ ബഹളംവച്ച് സ്റ്റേഷന്റെ ജനൽച്ചില്ലുകൾ തകർക്കുകയും കംപ്യൂട്ടറും മറ്റു പേപ്പറുകളും വാരിവലിച്ചെറിഞ്ഞതായും പൊലീസ് പറഞ്ഞു. സ്റ്റേഷനിൽ ഏതാനും പേർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
ഇതിൽ ഒരു പൊലീസുദ്യോഗസ്ഥന്റെ കരണത്തടിക്കുന്നതും യൂണിഫോം വലിച്ചുകീറുന്നതും സിസിടിവിയിൽ വ്യക്തമാണ്. വൈദ്യ പരിശോധനക്കു ശേഷം പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.