തിരുവനന്തപുരം > നാടിനെ വ്യവസായ സൗഹൃദമാക്കാന്‍ വലിയ ശ്രമം നടത്തുമ്പോള്‍ ദ്രോഹമനസ്ഥിതിയോടെ ചിലര്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഒരു വ്യവസായം തുടങ്ങുമ്പോള്‍ ഇത്തരക്കാര്‍ പരാതികള്‍ അയച്ചു തുടങ്ങും. രാഷ്ട്രപതിയില്‍ തുടങ്ങി പഞ്ചായത്തില്‍വരെ പരാതികള്‍ അയച്ച് പ്രയാസം സൃഷ്ടിക്കും. വ്യവസായം തുടങ്ങുന്നയാള് പരാതിക്കാരനെ കണ്ട് പരാതി തീര്‍ക്കണം എന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഇത് നാടിനു വലിയ ശാപമാണ്. അത്തരക്കാരെ കൃത്യമായി തിരിച്ചറിയാന്‍ കഴിയണം. പൊതുതാല്‍പ്പര്യത്തിനായി നിലകൊള്ളുന്നു എന്നാണ് ഇവര്‍ പറയാറുള്ളത്. എന്നാല്‍, ഇവര്‍ നാടിനും നാടിന്റെ വികസനത്തിനും എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ലുലു മാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംരംഭങ്ങള്‍ പലതും ഇവിടേക്ക് വരേണ്ടതുണ്ട്. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴില്‍ സൗകര്യം നല്ലതുപോലെ ഒരുക്കാന്‍ നമുക്കാകണം. സംരംഭങ്ങള്‍ക്കുള്ള തടസ്സം നീക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. 50 കോടിയിലധികം നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ഏഴു ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്കുന്ന നിലയിലേക്ക് മാറി. എംഎസ്എംഇകള്‍ തുടങ്ങി മൂന്നു വര്‍ഷത്തിനുശേഷം ലൈസന്‍സ് നേടിയാല്‍ മതി. സ്ഥാപനങ്ങളിലെ പരിശോധനകള്‍ വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതൊഴിവാക്കാന്‍ കേന്ദ്രീകൃത പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തി. കഴിഞ്ഞ കുറച്ചു നാള്‍ക്കകം 3200 കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. 4700 എംഎസ്എംഇകള്‍ പുതുതായി ആരംഭിച്ചു. പുതിയ ഒട്ടേറെ സംരംഭങ്ങള്‍ വരേണ്ടതുണ്ട്. അതിനു പശ്ചാത്തല സൗകര്യവികസനം പ്രധാനമാണ്. ഗതാഗത സൗകര്യം നല്ലതുപോലെ വികസിപ്പിക്കാനാകണം.
കേരളത്തിന്റെയും കേരളീയരുടെയും അഭിവൃദ്ധിക്കുവേണ്ടി നിലകൊള്ളുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. കേരളത്തിന്റെ അനൗദ്യോഗിക അംബാസഡര്‍ എന്ന നിലയിലാണ് എം എ യൂസഫലിയെ കാണുന്നത്. വിവിധ രാജ്യങ്ങളോടും ഭരണാധികാരികളോടും അദ്ദേഹം കേരളത്തിനുവേണ്ടി വാദിക്കുന്നുണ്ട്. കൂടെ പ്രവര്‍ത്തിക്കുന്നവരെ ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകാന്‍ അദ്ദേഹത്തിനായി. തൊഴിലാളികളോട് നല്ല ബന്ധം പുലര്‍ത്തുന്നതും അവരെ സഹായിക്കുന്ന നിലപാടുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് അധ്യക്ഷനായി.