ഹോസ്റ്റൽ നിയമം കർക്കശമാക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. രാത്രി ഒൻപതിന് ശേഷം ഹോസ്റ്റലിൽ പ്രവേശനം അനുവദിക്കില്ല. രാത്രി പുറത്തു പോകുന്ന വിദ്യാർത്ഥികൾ മൂവ്മെന്റ് രജിസ്റ്ററിൽ പേര് രേഖപ്പെടുത്തണം.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഫെബ്രുവരി അവസാനം നടത്താനും തീരുമാനിച്ചു. സ്വാശ്രയ കോളേജിലെ വിദ്യാർത്ഥികളുടെ വോട്ടവകാശം സംബന്ധിച്ച 2020 ലെ കോടതിവിധിയിൽ റിപ്പോർട്ട് തയ്യാറാക്കാൻ സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി. കലോത്സവ നിയമങ്ങൾ പുതുക്കുന്നതിനായി വിദ്യാർത്ഥി സംഘടനകളുടെ അഭിപ്രായം തേടും.
ഡിഗ്രി സർട്ടിഫിക്കറ്റുകൾ കൊടുത്തു തീർക്കാൻ ആവശ്യമെങ്കിൽ സ്പെഷ്യൽ സെനറ്റ് ചേരും. പരീക്ഷാ ഭവനിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. ഇതിന്റെ ഭാഗമായി സമർപ്പിച്ച റിപ്പോർട്ട് മോഡേണൈസേഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. പരീക്ഷാ ഭവനിൽ 10.30 മുതൽ മൂന്നു മണി വരെ വിദ്യാർത്ഥികൾക്ക് പ്രവേശിക്കാം. എന്നാൽ തിരിച്ചറിയൽ രേഖയില്ലാതെ ഇനിമുതൽ പരീക്ഷാ ഭവനിൽ പ്രവേശിക്കാനാകില്ല. ഒരാൾക്ക് പല വിദ്യാർത്ഥികളുടെ പ്രശ്നവുമായി എത്താനും സാധിക്കില്ല.