കൊച്ചി: എറണാകുളത്ത് സിപിഎമ്മിൽ കൂടുതൽ നേതാക്കൾക്കെതിരെ നടപടിക്ക് സാധ്യത. തിരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷൻ റിപ്പോർട്ടിന് പുറമേ ലഭിച്ച മറ്റ് പരാതികളിലും നടപടിയുണ്ടാകുമെന്ന് ജില്ലാ സമ്മേളന റിപ്പോർട്ടിൽ പറയുന്നു. ജില്ലാകമ്മിറ്റിയിൽ മാത്രമായി നടപടികൾ ഒതുങ്ങില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ൺ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. താഴേത്തട്ടിലേക്ക് കൂടുതൽ നടപടിയിലേക്ക് പാർട്ടി പോകുന്നുവെന്ന സൂചനയാണ് എറണാകുളത്ത് നിന്ന് പുറത്ത് വരുന്നത്.
തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് തൃപ്പുണ്ണിത്തുറ, തൃക്കാക്കര, പെരുമ്പാവൂർ, പിറവം എന്നീ നാല് മണ്ഡലങ്ങളിലാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നത്. കമ്മിഷൻ കണ്ടെത്തിയ വീഴ്ചകളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ 12 നേതാക്കൾക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കൂട്ടനടപടി വന്നിരുന്നു. എറണാകുളത്ത് അനഭിലീഷണീയമായ പ്രവണതകളുണ്ടാകുന്നുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
സംഘടനാ തലത്തിലുള്ള നടപടികൾ തുടരുമെന്നാണ് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. പാർലമെന്ററി വ്യാമോഹം കമ്മ്യൂണിസ്റ്റ് വിരുദ്ധ ശൈലി എന്നിവ വെച്ച് പുലർത്തുന്ന നേതാക്കൾക്കെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. കളമശ്ശേരി മണ്ഡലത്തിലെ ആലങ്ങാട് ഏരിയ കമ്മിറ്റിയിലെ അംഗമായ എം.കെ ബാബുവിനെതിരെ ഉൾപ്പെടെ ഇത്തരം ആരോപണങ്ങൾ വന്നിരുന്നു.
60 ശതമാനത്തോളം നഗരവത്കരണം നടന്നുകഴിഞ്ഞ എറണാകുളത്ത് മുന്നോട്ട് പോകുമ്പോൾ നേതാക്കളുടെ പ്രവർത്തന ശൈലി നിർണായകമാണ്. തെറ്റായ കീഴ്വഴക്കങ്ങളിലേക്കും കൂട്ടുകെട്ടുകളിലേക്കും പോകാതെ ശ്രദ്ധിക്കണം. അത്തരം വീഴ്ചകളുണ്ടാകുന്നവരെ വെച്ച് പൊറുപ്പിക്കില്ലെന്ന സന്ദേശം ജില്ലാ സമ്മേളനത്തിൽ സംസാരിച്ചപ്പോൾ കോടിയേരി ബാലകൃഷ്ണൻ നൽകിയിരുന്നു. എറണാകുളത്താണ് തിരഞ്ഞെടുപ്പ് തോൽവിയിൽ കൂടുതൽ നടപടിയുണ്ടായത്. ഇത് തുടരുമെന്നും കൂടുതൽ പേർക്കെതിരേ നടപടിയുണ്ടാകുമെന്നും നേതൃത്വം നിലപാട് കടുപ്പിച്ച് വ്യക്തമാക്കുന്നു.
Content Highlights: CPM to take more disciplinary action against leaders in Ernakulam