പാലക്കാട്: പരാജയത്തിൽ നിന്ന് പാഠം പഠിച്ചുവെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നും ആ കാലം കഴിഞ്ഞുവെന്നും വ്യക്തമാക്കി മെട്രോമാൻ ഇ ശ്രീധരൻ. എന്നാൽ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നത് കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ താര സ്ഥാനാർഥിയായിരുന്നു ഇ ശ്രീധരൻ. തനിക്ക് വ്യക്തമായ രാഷ്ട്രീയ പ്ലാനുകളും പദ്ധതികളും ഉണ്ട് എന്നും മുഖ്യമന്ത്രി ആകാൻ താൻ തയ്യാറാണെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ശ്രീധരനെ പോലെയുള്ള ആളുകൾ ബിജെപിയ്ക്കൊപ്പം ചേർന്നത് പാർട്ടിയ്ക്ക് വലിയ നേട്ടമായി ദേശീയ നേതാക്കളടക്കം ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ രാഷ്ട്രീയക്കാരനായിട്ടല്ല രാഷ്ട്രീയത്തിലേക്ക് വന്നതെന്നും ഒരു ബ്യൂറോക്രാറ്റ് ആയിട്ടാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്നും ഇ ശ്രീധരൻ പറഞ്ഞു.
വയസ് 90 ആയി. ഈ വയസിലും ഇനി രാഷ്ട്രീയത്തിലേക്ക് കയറി ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണ്. രാഷ്ട്രീയത്തിൽ ചേർന്ന സമയത്ത് നല്ല പ്രതീക്ഷയുണ്ടായിരുന്നു. ഇനി രാഷ്ട്രീയത്തിൽ ഒരു മോഹവുമില്ലെന്നും സജീവ രാഷ്ട്രീയത്തിൽഉണ്ടാകില്ല. തോറ്റതിന് പിന്നാലെ വളരെ നിരാശ ഉണ്ടായെന്നും പിന്നീട് അത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാടിനെ സേവിക്കാൻ വേണ്ടി രാഷ്ട്രീയം തന്നെ വേണമെന്നില്ല. അല്ലാതെയും സാധിക്കും. നിലവിൽ ജനങ്ങളെ സേവിക്കാൻ വേണ്ടി മൂന്ന് ട്രസ്റ്റുകൾ തന്റെ കീഴിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Metroman ESreedharan is Leaving Active Politics