തിരുവനന്തപുരം > കോവിഡ് കാലത്ത് പരിശോധന കിറ്റുകളടക്കം നിർമിച്ചു നൽകിയ പൊതുമേഖല മിനിരത്ന കമ്പിനിയായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡും സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് ഇതിനായി ആഗോള താൽപര്യപത്രം ക്ഷണിച്ചു. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ലേലത്തിലൂടെ മുഴുവൻ ഓഹരികളും വിറ്റൊഴിക്കാനാണ് തീരുമാനം.
കേരളത്തിൽ പ്രവർത്തിക്കുന്ന നാല് ഫാക്ടറികളടക്കം ഏഴ് ഫാക്ടറികളും ഹൈറ്റ്സ് എന്ന നിർമാണ സ്ഥാപനവും എച്ച്എൽഎല്ലിന്റെ ഗോവ ആസ്ഥാനമായ ആന്റിബയോട്ടിക് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലമിറ്റഡും സ്വകാര്യവൽക്കരിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിൽ 1969 ഏപ്രിൽ അഞ്ചിന് തിരുവനന്തപുരത്തെ പേരൂർക്കടയിലാണ് എച്ച്എൽഎൽ ലൈഫ് കെയർ സ്ഥാപിതമാകുന്നത്. കേരള സംസ്ഥാന സർക്കാർ സ്ഥാപനം തുടങ്ങുന്നതിനുവേണ്ടി 19 ഏക്കർ ഭൂമിയാണ് സൗജന്യമായി നൽകിയത്.
ജനുവരി 31ന് മുമ്പായി താൽപര്യപത്രം നൽകണം. തുടർനടപടികൾക്കായി പ്രൈസ്വാട്ടർഹൗസ് കൂപ്പേഴ്സിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കരാറുകാർ ഉൾപ്പെടെ നിലവിൽ 9000ൽഅധികം ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്.