തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിസി നിയമന വിവാദത്തിൽകോടതിയിലൂടെനീതി ലഭ്യമായെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ. നടന്നത് ശരിയായ നിയമനമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂർ വിസി പുനർ നിയമനം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധിവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു അക്കാദമീഷ്യനെ ഇത്തരത്തിൽ അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്ന സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നു. നിയമനം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ ആയിരുന്നു.നിലവിലെ പ്രതിഷേധങ്ങളൊക്കെ രാഷ്ട്രീയമായിട്ടാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചാൻസലറുടെ തീരുമാനത്തിൽ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന്, ഒരു സർവകലാശാലയുടെ വൈസ് ചാൻസലറായിരിക്കുമ്പോൾ ചാൻസലറെക്കുറിച്ച് പറയാൻ പാടില്ലെന്നും അതുകൊണ്ടുതന്നെ ചാൻസലറുടെ പ്രവൃത്തിയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചാൻസലറുടെ നടപടിയിൽ അതൃപ്തി ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് പൊതു ഇടത്തിൽ പറയുന്നില്ലെന്നും അതാണ് ചട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിസിയെ നീക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. എന്നാൽ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. ഹർജിക്കാർ ഉന്നയിച്ചപ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി കോടതി തള്ളിയത്.
Content Highlights: DR. Gopinath raveendran reaction after high court verdict