കൊച്ചി: ചുമട്ടുതൊഴിൽ അവസാനിപ്പിക്കേണ്ട സമയമായെന്ന് കേരളഹൈക്കോടതി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യനെ ചുമടെടുപ്പിക്കുന്നത് നാടിന് ഭൂഷണമല്ല. സ്വന്തം പൗരന്മാരെ ചുമട്ടുതൊഴിലെടുപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി ആവർത്തിച്ചുവ്യക്തമാക്കി.
ഹെഡ്ലോഡ് വർക്കേഴ്സ് ആക്ടുമായി ബന്ധപ്പെട്ട ഒരു കേസിലാണ് കോടതിയുടെ ഈ നിർദേശം. പല വിദേശ രാജ്യങ്ങളിലും ഇപ്പോൾ ചുമട്ടുതൊഴിൽ നിർത്തലാക്കി.നിലവിലുള്ള ചുമട്ടുതൊഴിലാളികളെ പുനരധിവസിപ്പിക്കണം.
രാഷ്ട്രീയ പാർട്ടികൾ ചുമട്ടുതൊഴിലിനെ പ്രോത്സാഹിപ്പിക്കുകയാണ്.രാഷ്ട്രീയ പാർട്ടിയിൽ അംഗമായാൽ ആർക്കും ചുമട്ടുതൊഴിലാളിയാവാം എന്ന സാഹചര്യമാണ്.
അടിപിടിയും ഗുണ്ടാപ്രവർത്തനവുമല്ല ചുമട്ടുതൊഴിൽ. കൃത്യമായ പരിശീലനം അക്കാര്യത്തിൽ ആവശ്യമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ചുമട്ടുതൊഴിൽ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്നും സമൂഹത്തിൽ അടിമകളെപ്പോലെ പണിയെടുക്കുന്ന ഇക്കൂട്ടരെ പുനരധിവസിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. നോക്കുകൂലി സംബന്ധിച്ച ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള ഈ അഭിപ്രായപ്രകടനം.
Content Highlights: Time to abolish headload work, says Kerala high court