ന്യൂഡൽഹി: കെ റെയിലിനെതിരെ യു.ഡി.എഫ് എം.പിമാർ റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ശശി തരൂർ എം.പി ഒപ്പുവെച്ചില്ല. യു.ഡി.എഫിന്റെ 18 എം.പിമാരാണ് നിവേദനത്തിൽ ഒപ്പുവെച്ചത്. പുതുച്ചേരി എം.പി വി. വൈദ്യലിംഗവും നിവേദനത്തിൽ ഒപ്പുവെച്ചു. നിവേദനം നൽകിയ എം.പിമാരുമായി ബുധനാഴ്ചറെയിൽവേ മന്ത്രി കൂടിക്കാഴ്ച നടത്തും.
കെ റയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയ്യാറെടുക്കവെയാണ് ശശി തരൂർ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവുമായി യു.ഡി.എഫ് എം.പിമാർ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. കെ. റെയിൽ നടപ്പിലാക്കരുതെന്നുള്ള ഒരു കത്തും എം.പിമാർ കൈമാറി. ഈ കത്തിൽ ശശി തരൂർ ഒപ്പുവെച്ചിട്ടില്ല.
കേരളത്തിൽ നിന്നുള്ള 18 യു.ഡി.എഫ് എം.പിമാരും പുതുച്ചേരി എം.പി വി. വൈദ്യലിംഗവുമാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. കേരളത്തിന്റെ വികസനത്തിന് കെ റയിൽ പോലുള്ള പദ്ധതികൾ അനിവാര്യമെന്ന നിലപാടാണ് ശശി തരൂർ നേരത്തെയേ സ്വീകരിച്ചിരുന്നത്. ഇതിന്റെ തുടർച്ചയായാണ് ശശി തരൂർ കത്തിൽ ഒപ്പുവെക്കാതിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കത്തുനൽകിയ എം.പിമാരുമായി ബുധനാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്താമെന്ന് റയിൽവെ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. നിവേദനത്തിൽ ഒപ്പുവെക്കാനായി എം.പിമാർ തരൂരുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ കൃത്യമായ മറുപടി ലഭിച്ചില്ലെന്നുമാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. എന്തുകൊണ്ടാണ് തരൂർ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് മറ്റ് എം.പിമാർക്കും അറിയില്ല.
Content Highlights: Shashi Tharoor,k rail, Congress