‘‘മലയാളസാഹിത്യവും സിനിമയും എന്നും സവർണാനുഭവങ്ങളുടെ ആഘോഷമാണ് നടത്തിയിരുന്നത്. സാധാരണക്കാരന്റെ ജീവിതം കൃത്രിമത്വമില്ലാതെ ആവിഷ്കരിക്കണമെന്ന ആഗ്രഹമാണ് എന്നെ കൊച്ചിയുടെ കഥ പറയാൻ പ്രേരിപ്പിച്ചത്. മലയാളജനപ്രിയസിനിമയും പൊതുസമൂഹവും സ്ത്രീ വിരുദ്ധതയുടെ കാര്യത്തിൽ ഇപ്പോഴും പതിനേഴാം നൂറ്റാണ്ടിലാണ് നിലനിൽക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മരണം ആത്യന്തിക യാഥാർഥ്യമായിരിക്കേ മരണത്തെക്കുറിച്ച് സംസാരിക്കാൻ ശരാശരി മലയാളി മടിക്കുന്നു. അതുകൊണ്ടുകൂടിയാണ് മരണം പ്രമേയമായ കൃതികൾ , തിരക്കഥകൾ രചിക്കാൻ കാരണമായത്. പുതിയ തലമുറയിൽ എനിക്ക് പ്രതീക്ഷയുണ്ട്. എന്റെ ചാവുനിലം നോവൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ തിരസ്കരിക്കപ്പെട്ട അനുഭവമായിരുന്നു. 2010 ന് ശേഷമാണ് ആ കൃതിക്ക് വായനക്കാരുണ്ടായത്.
പുതിയ തലമുറയാണ് എന്നെ എഴുത്തുകാരനാക്കിയത്. ശരാശരി ക്കാരാവാൻ ശ്രമിക്കാത്ത ഹിപ്പോക്രസിയുടെ തടങ്കലിൽ കിടക്കാൻ ഇഷ്ടപ്പെടാത്ത പുതിയ തലമുറയാണ് ചുരുളി സിനിമ സ്വീകരിച്ചത് ’’ പിഎഫ് മാത്യൂസ് പറഞ്ഞു.
മൂന്നാം വർഷം മലയാളം ബി.എ. വിദ്യാർഥി ശ്രീരാം രവീന്ദ്രൻ അധ്യക്ഷനായി. മരിയ ലിനറ്റ് അടിയാള പ്രേതം ആസ്പദമാക്കി സംസാരിച്ചു . ഡോ. ജൂലിയ ഡേവിഡ് , അഭിലാഷ് കൈനിക്കര, റൂബി അസീസ്, സ്വാബിർ അലി, ഐശ്വര്യ കെ. , നമിത സേതുകുമാർ എന്നിവർ എഴുത്തുകാരനോട് സംവദിച്ചു. വകുപ്പധ്യക്ഷ ഡോ. സുമി ജോയി ഓലിയപ്പുറം സംസാരിച്ചു. ,രണ്ടാം വർഷം മലയാളം വിദ്യാർഥിയും മലയാളം അസോസിയേഷൻ സെകട്ടറിയുമായ അമൽ കെ.കെ. . സ്വാഗതവും എം.എ. മലയാളം രണ്ടാം വർഷം വിദ്യാർഥിനി ദിൽന ദിനേശ് നന്ദിയും പറഞ്ഞു.















