കൊച്ചെ/കളമശ്ശേരി> രാഹുൽഗാന്ധി നടത്തിയ ഹിന്ദുത്വ പ്രീണനം മതനിരപേക്ഷത തകർക്കുന്നതാണെന്നും ബിജെപിയുടെ വർഗീയതക്ക് ബദൽ ഇടതുപക്ഷം മാത്രമാണെന്നും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. സിപിഐ എം 23–-ാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ബിജെപിയുടെ വർഗീയ അജണ്ടകൾക്കും കുത്തക സ്വകാര്യ വത്കരണ നയങ്ങൾക്കും ബദലായി രാജ്യത്തെ കൊണ്ടുപോകുന്നതിന് ആർക്ക് കഴിയും എന്നതാണ് ആലോചിക്കേണ്ടത്. ആ ബദൽ കാഴ്ച പാടുകൾക്ക്
അവരുടെ വർഗീയ പ്രത്യയശാസ്ത്ര നിലപാടുകളെ ശക്തമായി എതിർക്കാൻ കഴിയണം. അതിന് മതനിരപേക്ഷം എന്നവകാശപ്പെടുന്ന കോൺഗ്രസിന് കഴിയില്ലെന്ന് അവർ വീണ്ടും തെളിയിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ രാഹുൽഗാന്ധി നടത്തിയ മൃദുഹിന്ദുത്വ പ്രീണന നിലപാട് അതാണ് വ്യക്തമാക്കുന്നത്. വർഗീയതയോട് വിട്ടുവിഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അതിന്റെ ഭാഗമായാണ് വർഗീയ പ്രീണനം ഉറപ്പിച്ച് പ്രഖ്യാപിക്കുന്ന നിലപാട് ഇപ്പോഴുണ്ടായത്.
കോൺഗ്രസിൽ ജനങ്ങൾക്കും അണികൾക്കും വിശ്വാസം നഷ്ടമായി. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപി പാളയത്തിൽ ചേക്കേറുകയാണ്. ബീഹാറിൽ മഹാസഖ്യം കോൺഗ്രസിന് നൽകിയ സീറ്റുകളിൽ എല്ലാം അവർ പരാജയപെട്ടു. ജനം അവരെ വിശ്വസിക്കുന്നില്ല. ബിജെപിക്ക് ബദലായി കോൺഗ്രസിനെ കാണാൻ പറ്റില്ല. സാമ്പത്തിക, ആഗോളവത്കരണ , സ്വകാര്യ വത്കരണ നയങ്ങളിലെല്ലാം കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. അവിടെയാണ് ബദൽ എന്ന നിലയിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി.
ബിജെപിക്കെതിരെ മതനിരപേക്ഷതയുടെ ഭാഗത്ത് ഉറച്ചു നിൽക്കുന്ന കക്ഷികളുമായുള്ള ബന്ധം അഖിലേന്ത്യാ തലത്തിൽ സ്വാഭാവികമായി ഉയർന്നുവരും. ആ വിശ്വാസ്യത ഇടതുപക്ഷത്തിൽ ജനങ്ങൾക്കുണ്ട്. ബിജെപിയെ പരാജയപെടുത്തുന്ന സഖ്യങ്ങളുണ്ടാക്കുക. ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റി നിത്തുക. ഒരു അവസരം കൂടി അവർക്ക് ലഭിക്കുന്നത് രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ദുർബല പ്പെടുത്തുന്നതാകും . അത് ഒഴിവാക്കാൻ ബിജെപിയെ എതിക്കുന്ന ജനാധിപത്യ ശക്തികളുമായി ബദൽ സഖ്യമുണ്ടാക്കാൻ കഴിയണമെന്നും പിണറായി വിജയൻ പറഞ്ഞു.