എം.സി ജോസഫൈൻ രാജിവച്ചതിന് പിന്നാലെയാണ് മുൻ എം.പി കൂടെയായ സി.പി.എം നേതാവ് പി. സതീദേവി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റത്. സി.പി.എം വനിതാ സംഘടന, ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറിയായിരുന്നു അവർ. ലിംഗസമത്വം നടപ്പിലാക്കാനുള്ള നയങ്ങളെക്കുറിച്ച് സംസാരിക്കുന്ന പി. സതീദേവി, സ്കൂളുകളിൽ നിന്ന് തന്നെ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് വാദിക്കുകയാണ്. ഇതേ പ്രസ്താവനയുടെ പേരിൽ അവർ യാഥാസ്ഥികരുടെ സോഷ്യൽ മീഡിയ കമന്റുകൾക്കും ഇരയായി.
വനിതാ കമ്മീഷൻ അധ്യക്ഷ സംസാരിക്കുന്നു.
വളരെ അടുത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നല്ലോ സ്കൂളുകളിൽ എല്ലാവർക്കും ഒരേ യൂണിഫോം എന്ന ആശയം. വനിത കമ്മീഷൻ ഇത് സ്വാഗതം ചെയ്യുകയും ചെയ്തു. ലിംഗസമത്വ ചർച്ചയിൽ ഇത് എത്രമാത്രം പ്രധാനമാണ്?
പി. സതീദേവി: കേരളത്തിൽ ഇന്ന് പൊതുവായി കേൾക്കുന്ന ഒരു പദമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം. എന്റെ അഭിപ്രായത്തിൽ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യനും ഉണ്ടായിരിക്കണം എന്നതാണ്. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നോക്കിയാൽ യൂണിഫോം നിർബന്ധമാണ്. അങ്ങനെ വരുമ്പോൾ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും ധരിക്കാൻ സൗകര്യപ്രദമായതും കാലാവസ്ഥക്ക് അനുയോജ്യമായതുമായ യൂണിഫോം തന്നെയാണ് വേണ്ടത്. കേരളത്തിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം സർക്കാർ നടപ്പിലാക്കുമ്പോൾ ഞാൻ അതിനെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യുന്നു.
കേരളത്തിലെ ഗ്രാമങ്ങളിലുള്ള ജനങ്ങൾ ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയത്തെ സ്വീകരിക്കുമോ? അവരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും എതിരഭിപ്രായം ഉണ്ടാകുമോ? എന്നുള്ള ചോദ്യങ്ങളെല്ലാം ഉയർന്നേക്കാം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, മുമ്പ് സ്ത്രീകൾ മാറുമറക്കാൻ പാടില്ല എന്നുള്ള ഒരു കാലഘട്ടം ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ. എന്നാൽ പിന്നീട് അതിനെതിരായി ജനങ്ങൾ തന്നെ ചിന്തിക്കാനും പ്രതികരിക്കാനും തുടങ്ങിയിരുന്നു. വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി കേരളത്തിൽ സമരം വരെ നടത്തിയിട്ടുണ്ട്. അതായത്, സ്വന്തം ശരീരം എങ്ങനെ വേണമെന്ന് നിർണയിക്കാനും ഏത് വസ്ത്രം ധരിക്കണം എന്ന് നിർണയിക്കാനും ഉള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്. പുതിയ ജനറേഷൻ സ്വാഭാവികമായും മാറി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല സർക്കാർ സംവിധാനത്തിന്റെ ഭാഗമായി ഇങ്ങനെയൊരു നിർദേശം വരുമ്പോൾ സ്വാഭാവികമായും എല്ലാവരും അത് പടിപടിയായി സ്വീകരിക്കും.
അതുപോലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപികമാർക്ക് ചുരിദാർ ധരിക്കാവുന്നതാണ് എന്ന നിർദേശം വന്നിരുന്നു. എന്നാൽ അപ്പോഴും പല അഭിപ്രായങ്ങൾ ഉയർന്നിരുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചുരിദാർ ധരിക്കാൻ പറ്റുമോ, അല്ലെങ്കിൽ അത്തരം വസ്ത്രധാരണം എത്രത്തോളം സ്വീകരിക്കപ്പെടും എന്നൊക്കെയുള്ള ചർച്ചകൾ ഉണ്ടായിരുന്നു. ഇവിടെ നോക്കേണ്ടത് സാരിയാണോ ചുരിദാറാണോ ആ വ്യക്തിക്ക് ധരിക്കാൻ സൗകര്യം എന്നത് മാത്രമാണ്. ഒരു ടീച്ചർക്ക് ചുരിദാർ ധരിച്ച് ക്ലാസ്സെടുക്കാനാണ് താത്പര്യം എങ്കിൽ അതിന് കഴിയണം. വസ്ത്രം എന്നത് നഗ്നത മറക്കാനുള്ള ഒരു ഉപാധിയാണ്. അങ്ങനെ നോക്കുമ്പോൾ സ്ത്രീക്കും പുരുഷനും ഒരേ തരം യൂണിഫോം ആകുന്നതാണ് നല്ലത്.
പെൺകുട്ടികൾ യൂണിഫോമിന് മുകളിൽ ഓവർക്കോട്ട് ധരിക്കുന്ന ശീലം കേരളത്തിലുണ്ട്. പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഓവർക്കോട്ട് ധരിക്കുന്നത് അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. മാത്രമല്ല ഒരു പോക്കറ്റ് ഉള്ള വസ്ത്രമാണല്ലോ ഓവർക്കോട്ട്. അതുകൊണ്ട് ജോലിസ്ഥലങ്ങളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഉള്ള പെൺകുട്ടികൾക്ക് കൂടുതൽ സൗകര്യത്തിനായി അത്യാവശ്യ സാധനങ്ങൾ ആ പോക്കറ്റിൽ കരുതാവുന്നതാണ്.
ലൈംഗികസമത്വം മലയാളികളെ പഠിപ്പിക്കേണ്ടത് എത്രമാത്രം പ്രധാനപ്പെട്ടകാര്യമാണ്?
പി. സതീദേവി: സ്ത്രീയും പുരുഷനും സമൂഹത്തിന് മുന്നിൽ തുല്യരാണെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. ഇന്ന് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിനായി ശ്രമിക്കുന്നുമുണ്ട്. സ്ത്രീ എന്താണെന്നും പുരുഷൻ എന്താണെന്നും മനസിലാകാൻ സെക്‌സ് എജ്യൂക്കേഷൻ ക്ലാസുകൾ നൽകുന്നുണ്ട്.
എന്നാൽ സെക്‌സ് എജ്യൂകേഷൻ എന്നതിന്റെ അർത്ഥം എന്താണ് എന്ന് പോലും അറിയാതെ വളരെ മോശമായ രീതിയിൽ ആ നടപടിയെ എതിർക്കുന്ന സമൂഹമാണ് നമ്മുടേത്. സെക്‌സ് എജ്യൂക്കേഷൻ എന്ന് പറയുമ്പോൾ തന്നെ പലരും നെറ്റിചുളിക്കുന്നു. വിദ്യാഭ്യാസപരമായി ഉന്നതിയിലെത്തി എന്ന് നമ്മൾ അഭിമാനിക്കുന്ന നാട്ടിലാണ് ഇത്തരക്കാരുള്ളത് എന്നുകൂടിയോർക്കണം. ‘വിദ്യാലയങ്ങൾ സെക്‌സ് എജ്യൂക്കേഷൻ നിർബന്ധമാക്കണം, അത് വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാക്കണം’ എന്നൊക്കെയുള്ള നിർദേശങ്ങൾ ഞാൻ വനിതാകമ്മീഷൻ അധ്യാക്ഷയായി ചാർജ് എടുത്ത ശേഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വളരെ മോശമായ കമന്റുകളായിരുന്നു അതിനെതിരെ വന്നിരുന്നത്.
ജീവജാലങ്ങളിലെല്ലാം ഉണ്ടാകുന്ന ശാരീരിക വളർച്ചയെ സംബന്ധിച്ചും വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും ഉണ്ടായകുന്ന ശാരീരിക മാറ്റങ്ങളെ സംബന്ധിച്ചും കൃത്യമായിട്ടുള്ള അറിവ് ലഭ്യമാക്കിക്കൊടുക്കുക എന്നുള്ളതാണ് ലൈംഗിക വിദ്യാഭ്യാസം അല്ലെങ്കിൽ സെക്‌സ് എജ്യൂക്കേഷന്റെ യഥാർത്ഥ അർത്ഥം. അത് സ്‌കൂൾ തലം മുതൽ തുടങ്ങുകയും വേണം. ട്രാൻസ്‌ജെൻഡർ എന്ന വിഭാഗത്തെ കുറിച്ചും കുട്ടികൾക്ക് ധാരാളം സംശയങ്ങൾ ഉണ്ട്. ഇതെല്ലാമാണ് സെക്‌സ് എജ്യുക്കേഷനിലൂടെ കുട്ടികളെ പഠിപ്പിക്കുന്നത്. മാത്രമല്ല നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ കൃത്യമായിട്ടുള്ള ലിംഗസമത്വ ബോധം വളർത്താനുള്ള പഠനം അനിവാര്യമാണ്. ഇത്തരം അറിവുകൾ പകർന്നു കൊടുത്താൽ മാത്രമേ പരസ്പരം ബഹുമാനിക്കാനും എതിർലിംഗത്തിൽ പെട്ടിട്ടുള്ളവരെ അംഗീകരിക്കാനും ഉള്ള ഒരു മനസികാവസ്ഥ കുട്ടികളിൽ ഉണ്ടാവുകയുള്ളൂ.
കേരളത്തിലെ വീടുകളിലെ സ്ത്രീ പുരുഷ വിവേചനം തുല്യതയ്ക്ക് ഒരു വലിയ പ്രതിബന്ധമല്ലേ? അത് എങ്ങനെ കൈകാര്യം ചെയ്യും?
പി. സതീദേവി: വീടുകളുടെ അകത്തളങ്ങളിൽ ജനാധിപത്യ സമ്പ്രദായമില്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പല വീടുകളിലും പെൺകുട്ടികൾക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതായി നമുക്ക് കാണാം. മുതിർന്നവരുടെ മുന്നിൽ സംസാരിക്കാൻ പാടില്ല, ശബ്ദം ഉയർത്തി സംസാരിക്കാൻ പാടില്ല എന്നൊക്കെയുള്ള ചിട്ടവട്ടങ്ങളിലൂടെയാണ് കുട്ടികളെ വളർത്തുന്നത്. എന്നാൽ ആൺകുട്ടികൾക്കാകട്ടെ അത്തരത്തിലുള്ള യാതൊരു നിബന്ധനകളും കൽപിക്കുന്നുമില്ല. വാസ്തവത്തിൽ വീടുകളിൽ നിന്നുള്ള ഇത്തരം ലിംഗവിവേചനങ്ങളാണ് ആദ്യം എടുത്ത് മാറ്റേണ്ടത്. അല്ലാത്തപക്ഷം ആൺകുട്ടകൾക്കിടയിൽ ആധിപത്യ മനോഭാവവും പെൺകുട്ടികൾക്കിടയിൽ വിധേയത്വ മനോഭാവവും വളർന്നുവരുന്നു.
ഒരു വീട്ടിൽ ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടെങ്കിൽ അവരെ കളിക്കാൻ വിടുന്നതിൽ പോലും വീട്ടുകാർ വിവേചനം കാണിക്കുന്നുണ്ട്. ആൺക്കുട്ടികളെ സ്വാഭാവികമായും കളിക്കാൻ പുറത്തുവിടുന്നു. ഒരു പക്ഷേ ആ വീട്ടിലെ പെൺകുട്ടിക്കും അവനോടൊപ്പം പോകണമെന്ന് ആഗ്രഹം ഉണ്ടായിരിക്കും. എന്നാൽ വീട്ടുകാർ അവളെ പുറത്തേക്ക് വിടാതെ അടക്കിയൊതുക്കി വളർത്തുകയാണ് ചെയ്യുന്നത്. മാത്രമല്ല നിന്റെ ഭാവി മറ്റൊരു അടുക്കളയിലാണ് എന്ന തരത്തിൽ അവളെ പാകപ്പെടുത്തിയെടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ തനിക്ക് എന്തൊക്കയോ പരിമിതികൾ ഉണ്ട് എന്ന ചിന്താഗതിയാണ് കൗമാരപ്രായം മുതൽ ഓരോ പെൺകുട്ടികളിലും ഉണ്ടാകുന്നത്. അവൾ വളർന്ന് വലിയൊരു സ്ത്രീയായാലും ആ ചിന്താഗതിയിൽ മാറ്റം വരില്ല. പുറത്തിറങ്ങാൻ സ്വാതന്ത്ര്യമില്ലാത്ത പെൺകുട്ടികൾക്ക് തങ്ങളുടെ ആത്മവിശ്വാസമാണ് നഷ്ടപ്പെടുന്നത്. തനിച്ച് പുറത്തിറങ്ങിയാൽ എന്തൊക്കയോ അപകടം വരുമെന്നാണ് അവർ ഭയക്കുന്നത്.
അതുകൊണ്ട് തന്നെ പെൺകുട്ടികൾ വിധേയത്വ മനോഭാവത്തിൽ ജീവിക്കേണ്ടവരല്ല എന്നുള്ള തിരിച്ചറിവ് ചെറിയ പ്രായത്തിൽ തന്നെ അവർക്ക് നൽകണം. വീടുകളാണ് അതിന് മുൻകൈയ്യെടുക്കേണ്ടത്. എന്നാൽ മാത്രമേ വളർന്നുവരുന്ന തലമുറ സഹജീവി എന്ന നിലയിൽ പെൺകുട്ടികളെ കാണുകയുള്ളൂ.
ആൺ പെൺ തുല്യത ഉറപ്പിക്കേണ്ടത് അമ്മമാരാണ് എന്നുള്ളത് ഞങ്ങൾ എപ്പോഴും ബോധനവത്കരണ ക്ലാസ്സുകളിൽ പറയാറുള്ളതാണ്. സമഭാവനയോട് കൂടി ആൺകുട്ടികളേയും പെൺകുട്ടികളേയും വളർത്തണം എന്നും നിർദേശിക്കാറുണ്ട്. വീടുകളിൽ അതിന് തുടക്കം കുറിച്ചാൽ പൊതുയിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി മേഖലയിലും സ്ത്രീ സൗഹാർദ അന്തരീക്ഷം ഉണ്ടാക്കാൻ കഴിയും.
വനിതാ കമ്മീഷൻ എന്ത് തരം ഇടപെടലുകളാണ് നടത്താൻ ശ്രമിക്കുന്നത്?
പി. സതീദേവി: ഒരു സ്ത്രീക്കെതിരെ വളരെ ഗുരുതരമായ ആക്രമണം നടക്കുകയും സമൂഹമാധ്യമങ്ങളിലൂടെയോ വാർത്തകളിലൂടേയോ വനിതാ കമ്മീഷന്റെ ശ്രദ്ധയിൽ പെടുകയും ചെയ്താൽ തീർച്ചയായും സ്വമേധയാ കേസെടുക്കും. മാത്രമല്ല അധികൃതർ കേസെടുക്കാത്ത അല്ലെങ്കിൽ അന്വേഷണം നടത്താത്ത സാഹചര്യം ഉണ്ടെങ്കിലും കമ്മീഷൻ സ്വമേധയാ കേസെടുക്കും.
വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്ത് കഴിഞ്ഞാൽ ആദ്യം തേടുന്നത് ഏത് പോലീസ് സ്‌റ്റേഷന്റെ പരിതിയിലാണ് സംഭവം നടന്നിരിക്കുന്നത് എന്നതാണ്. ശേഷം അവർ കേസെടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കും. കൂടാതെ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടും. നടന്ന കുറ്റകൃത്യം ഏത് വകുപ്പിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്, അന്വേഷണം ശരിയായ രീതിയിലാണോ നടക്കുന്നത് തുടങ്ങിയ എല്ലാ കാര്യങ്ങളും കമ്മീഷൻ പരിശോധിക്കും.
മറ്റൊരു കാര്യം വനിതാ കമ്മീഷന്റെ മുമ്പാകെ പരാതി ലഭിച്ചാൽ അന്വേഷണം നടത്തും എന്നതാണ്. ഇതിന് ഒരു ഉദാഹരണമാണ് കേരളത്തിൽ അടുത്തിടെ നടന്ന ദത്ത് വിവാദം. അതിൽ ആ കുട്ടിയുടെ അമ്മയായ അനുപമ അജിത്ത് വനിതാ കമ്മീഷനിൽ പരാതി നൽകുകയും ഞങ്ങൾ അവരുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കയും ചെയ്തിരുന്നു. തുടർന്ന് ശിശുക്ഷേമ വകുപ്പിൽ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. അതിനിടെ കോടതി ഇടപെട്ട് അമ്മക്ക് നീതി നടപ്പാക്കിക്കൊടുക്കുകയാണ് ഉണ്ടായത്.
****