തിരുവനന്തപുരം
പിജി ഡോക്ടർമാർക്കൊപ്പം ഹൗസ് സർജൻമാരും തിങ്കളാഴ്ച സമരം ആരംഭിച്ചതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളിലെത്തിയ രോഗികൾ വലഞ്ഞു. നിരവധി രോഗികൾ തിരികെ പോയി. പുലർച്ചെമുതൽ ആശുപത്രിയിലെത്തി ഒപി ടിക്കറ്റിനായി കാത്തിരുന്നവർക്കുപോലും ചികിത്സ ലഭ്യമായില്ല. വിവിധ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾ മാറ്റിവച്ചു. ആവശ്യങ്ങൾ അംഗീകരിച്ചിട്ടും പിജി ഡോക്ടർമാർ സമരം തുടരുന്നതാണ് സാധാരണക്കാരായ രോഗികളെ ബാധിച്ചത്.
ഡോക്ടർമാരുടെ ജോലി ഭാരം കുറയ്ക്കണമെന്ന ആവശ്യത്തിൽ 373 നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരെ നിയമിക്കാനുള്ള അഭിമുഖ നടപടി നടക്കുകയാണ്. ഇത് അവഗണിച്ചാണ് സമരം. 2021ലെ നീറ്റ് പിജി കൗൺസലിങ്/അഡ്മിഷൻ അടക്കമുള്ള നടപടികൾ വൈകുന്നതിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് പിജി ഡോക്ടർമാർ നടത്തുന്നത്. പിജി നടപടി സംബന്ധിച്ച കേസ് സുപ്രീംകോടതിയിലായതിനാലാണ് അഡ്മിഷൻ നടക്കാത്തത്. വിഷയത്തിൽ ഇടപെടേണ്ടത് കേന്ദ്രസർക്കാരാണെന്ന് അറിഞ്ഞിട്ടും സംസ്ഥാന സർക്കാരിനെതിരെ സമരം തുടരുകയാണ് പിജി ഡോക്ടർമാർ. നാല് ശതമാനം സ്റ്റൈപെൻഡ് വർധനയുടെ വിഷയം ധനവകുപ്പിന്റെ പരിഗണനയിലാണെന്നും പ്രതിനിധികളെ അറിയിച്ചിരുന്നു.
ഹൗസ് സർജൻമാരുടെ സമരം ഇന്ന് രാവിലെവരെ
പിജി ഡോക്ടർമാർക്ക് പിന്തുണയുമായാണ് തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാരും സമരം ആരംഭിച്ചത്. ഇവരുമായി മന്ത്രിയുടെ ഓഫീസ് ചർച്ചയ്ക്ക് തയ്യാറായി. തുടർന്ന്, പിജി ഡോക്ടർമാരുടെ സമരം പിൻവലിക്കാൻ നടപടിയെടുക്കുക, മെഡിക്കൽ ഓഫീസർമാരെ കൃത്യമായി വിന്യസിക്കുക, നാല് ശതമാനം സ്റ്റൈപെൻഡ് വർധന ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രതിനിധികൾ കത്ത് നൽകി. സമരം ചൊവ്വാഴ്ച രാവിലെ എട്ടുവരെ തുടരാനാണ് തീരുമാനം.















