ജനീവ
പുതിയ വകഭേദമായ ഒമിക്രോണ്‍ കോവിഡ് വാക്സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡെല്‍റ്റ അടക്കമുള്ള മറ്റ് വകഭേദങ്ങളേക്കാള്‍ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെന്നും മുന്നറിയിപ്പിലുണ്ട്.
ലഭ്യമായ വിവരം അനുസരിച്ച് ഒമിക്രോണ്‍ ബാധിക്കുന്നവരില്‍ പ്രകടമായ രോഗലക്ഷണം കുറവാണ്. എന്നാൽ, പുതിയ വകഭേദത്തിന്റെ ക്ലിനിക്കൽ തീവ്രത സംബന്ധിച്ച് വ്യക്തമായ നിഗമനത്തിലെത്താന്‍ മതിയായ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ലെന്നും സംഘടന പറഞ്ഞു. നവംബര്‍ 24നാണ് ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച് ദക്ഷിണാഫ്രിക്ക ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നത്. ഡിസംബർ ഒമ്പതുവരെ 63 രാജ്യത്ത് ഒമിക്രോൺ എത്തി. ഡെല്‍റ്റ വകഭേദം താരതമ്യേന കുറവ് റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിലും കൂടുതല്‍ സ്ഥിരീകരിച്ച ബ്രിട്ടനിലും ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുകയാണ്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ നാശം വിതയ്ക്കാന്‍ ഒമിക്രോണിന് കഴിയും.
മുന്‍ വകഭേദങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഒമിക്രോൺ കോവിഡ് വാക്സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് വ്യക്തമായതായും ലോകാരോഗ്യ സംഘടന പറഞ്ഞു.
ചൈനയിലും പാകിസ്ഥാനിലും
ഒമിക്രോണ്‍
ചൈനയിലും പാകിസ്ഥാനിലും ഒമിക്രോണിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. വടക്കൻ ചൈനയിലെ ടിയാൻജിൻ നഗരത്തില്‍ വിദേശത്തുനിന്ന് വന്ന വ്യക്തിക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പ്രവിശ്യയില്‍ ഉള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തി. പാകിസ്ഥാനിലെ കറാച്ചിയില്‍ വാക്സിൻ സ്വീകരിക്കാത്ത അമ്പത്തേഴുകാരിക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.