സർവ്വകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട ഗവർണറുടെ പ്രസ്താവനകൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കുന്നതാണ്. നിയമപരവും സുതാര്യവുമായാണ് കേരളത്തിലെ സർവ്വകലാശാലകളിലെ നിയമനങ്ങൾ നടന്നുവരുന്നത്. നിയമാനുസൃതമായി വിവിധ തലങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടുന്ന സെർച്ച് കമ്മിറ്റിയാണ് വൈസ് ചാൻസലർ നിയമനത്തിനായുള്ള ശുപാർശകൾ ഗവർണർക്ക് മുൻപാകെ സമർപ്പിക്കുന്നത്. ആയത് പ്രകാരം ഗവർണർ അന്തിമമായി അംഗീകാരം നൽകുന്ന പേരാണ് വൈസ് ചാൻസലറാ നിയമിക്കാറുള്ളത്. കേരളത്തിൽ ഈ രീതി പൊതുവിൽ തുടർന്നു വരുന്നതും പൊതുവേ അക്ഷേപങ്ങൾക്ക് ഇടനൽകാത്തതുമാണ്.
ബഹുമാനപ്പെട്ട ഗവർണറും ഇതിനു മുൻപ് നിയമനങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളോ ആശങ്കകളോ പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ പൊടുന്നനെയുള്ള ഗവർണറുടെ ഇത്തരം പ്രതികരണങ്ങൾ രാഷ്ട്രീയ പ്രേരിതമാണോ എന്ന സംശയമുയർത്തുന്നതാണ്. സവിശേഷവും സുപ്രധാനവുമായ ഭരണഘടന പദവിയിലിരിക്കുന്ന ഗവർണർ നിഷ്പക്ഷമായും നിയമാനുസൃതമായും നിയമന നടപടി ക്രമങ്ങൾ നടക്കുന്നുണ്ടോ എന്ന പരിശോധനയാണ് മുഖ്യമായും നടത്തേണ്ടത്. ഗവർണർ തന്നെ ചാൻസലർ പദവിയിലിരിക്കണമെന്ന നിയമ വ്യവസ്ഥ നിലനിൽക്കുന്നില്ല എന്നതും പ്രധാനമാണ്. അത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാറാണ്- സച്ചിൻ ദേവ് പറഞ്ഞു.
അതേസമയം സർവകലാശാല ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. ഗവർണർ ചാൻസലർ പദവി ഒഴിയുകയാണെങ്കിൽ ഒഴിയട്ടേയെന്ന് എസ്ഫ്ഐ അഖിലേന്ത്യ സെക്രട്ടറി വിപി സാനു പ്രതികരിച്ചു. ഗവർണർ ചാൻസലർ പദവി ഒഴിയുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള സാഹചര്യം ഗവർണറായിട്ട് ഉണ്ടാക്കരുതെന്നാണ് സിപിഐയുടെ നിലപാട്. നിയമസഭ പാസാക്കുന്ന ഒരു നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറായി ഗവർണറെ നിയമിക്കുന്നത്. വേണമെങ്കിൽ ആ ചാൻസലർ പദവി വേണ്ടെന്ന് വെക്കാൻ നിയമസഭയ്ക്ക് സാധിക്കും. അതിന് ഞങ്ങളെ നിർബന്ധിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.