ലണ്ടൻ > യൂറോപ്പ്യൻ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ട് നറുക്കെടുപ്പ് റദ്ദാക്കിയതായി യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചു. സോഫ്റ്റ്വെയർ തകരാർ മൂലമാണ് നറുക്കെടുപ്പ് റദ്ദാക്കുന്നതെന്ന് യുവേഫ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് നടത്തിയ നറുക്കെടുപ്പിനിടയിൽ ഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേരെഴുതിയ ബോൾ പുറത്ത് വെച്ച് അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾക്കായുള്ള നറുക്ക് നടത്തിയതാണ് വിവാദമായത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് പി എസ് ജി എതിരാളികളായതും അത്ലറ്റിക്കോ മാഡ്രിഡിനെ ബയേണിന് ലഭിച്ചതും ഈ പിഴവ് കൊണ്ടാണെന്ന് യുവേഫ അംഗീകരിച്ചു. നറുക്കെടുപ്പ് ഇന്ന് 7.30ന് വീണ്ടും നടത്തും. ഫെബ്രുവരി 15, 16, 22, 23 തീയതികളിലാണ് ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദ മത്സരങ്ങൾ. രണ്ടാം പാദ മത്സരങ്ങൾ മാർച്ച് 8, 9, 15, 16 തീയതികളിലാണ് നടക്കുന്നത്.
ബെൻഫിക്ക – റയൽ മഡ്രിഡ്, വിയ്യാ റയൽ – മാഞ്ചസ്റ്റർ സിറ്റി, അത്ലറ്റിക്കോ മഡ്രിഡ് – ബയൺ മ്യൂണിക്ക്, റെഡ്ബുൾ സാൽസ്ബർഗ് – ലിവർപൂൾ, ഇന്റർ മിലാൻ – അയാക്സ്, സ്പോർട്ടിങ് ലിസ്ബൺ – യുവെന്റസ്, ചെൽസി – ലീൽ, പിഎസ്ജി – മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിങ്ങനെയായിരുന്നു ആദ്യ നറുക്കെടുപ്പിലെ ഫലങ്ങൾ.