കൊച്ചി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാരനെ ശകാരിച്ച് ഹൈക്കോടതി. നൂറ് കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹർജിക്കാരനുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. ഇത്തരം ഹർജികൾ കൊണ്ടുവന്ന് കോടതിയുടെ സമയം പാഴാക്കുകയാണെന്ന് പറഞ്ഞ കോടതി പ്രധാനമന്ത്രി രാജ്യത്തിന്റേതാണെന്നും പറഞ്ഞു.
കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്. ഹർജി പരിഗണിക്കവേയാണ് ഹർജിക്കാരനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചിത്രം വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വരുന്നതിന് എന്തിന് നാണിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ പലർക്കും ഉണ്ടാകാമെങ്കിലും പ്രധാനമന്ത്രി രാജ്യത്തിന്റേതാണ്. നൂറ് കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹർജിക്കാരനുള്ളതെന്നും കോടതി ചോദിച്ചു. ഇത്തരംഹർജികൾ കൊണ്ടുവന്ന് ഹർജിക്കാരൻ കോടതിയുടെ സമയം പാഴാക്കുകയാണെന്നും ജസ്റ്റിസ് വി.പി.കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. നേതാക്കളുടെ പേരിൽ രാജ്യത്ത് സർവകലാശാലകൾ അടക്കമുണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlights:Why Are You Ashamed Of Prime Ministers Photo In Vaccination Certificate, Kerala High Court Asks Petitioner