ഗവർണർ ചാൻസലർ ആകണമെന്ന് നിയമമില്ല. ഇക്കാര്യത്തിൽ നിയമസഭയാണ് തീരുമാനമെടുക്കേണ്ടതെന്നും സാനു വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി എസ്എഫ്ഐ രംഗത്തുവന്നത്.
ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള സാഹചര്യം ഗവർണറായിട്ട് ഉണ്ടാക്കരുതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് എസ്എഫ്ഐയും ഗവർണർക്കെതിരെ തിരിഞ്ഞത്. “നിയമസഭ പാസാക്കുന്ന ഒരു നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറായി ഗവർണറെ നിയമിക്കുന്നത്. വേണമെങ്കിൽ ആ ചാൻസലർ പദവി വേണ്ടെന്ന് വെക്കാൻ നിയമസഭയ്ക്ക് സാധിക്കും. അതിന് ഞങ്ങളെ നിർബന്ധിക്കരുത്. ഗവർണർ പദവി തന്നെ അനാവശ്യമായ ആർഭാടമാണെന്ന് വിശ്വസിക്കുന്ന ഒരു പാർട്ടിയുടെ പ്രവർത്തകനാണ് ഞാൻ. കാർഷിക നിയമവും പൗരത്വനിയമവും പറഞ്ഞ് ഗവർണർ ഇപ്പോൾ എവിടെയെത്തിയെന്ന് കാണുക. മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള ശ്രമമാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്” – എന്നും കാനം പറഞ്ഞു.
ഗവർണറുടെ നിലപാട് ദുരൂഹമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. “സമ്മർദ്ദങ്ങൾക്ക് വഴങ്ങി തീരുമാനമെടുക്കേണ്ട ആളല്ല ഗവർണർ. വിവേചനാധികാരമുള്ള ഗവർണർ ഒപ്പിട്ട ശേഷം അത് മാറ്റിപ്പറയുന്നത് ദുരൂഹമാണ്. ഗവർണർക്ക് മേൽ സർക്കാർ സമ്മർദ്ദം ചെലുത്തിയിട്ടില്ല. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും. ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അത് അദ്ദേഹം ഇപ്പോൾ നിർവഹിച്ച് കൊണ്ടിരിക്കുന്നു. അതിനെതിരെ സർക്കാർ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല” – എന്നും കോടിയേരി പറഞ്ഞു.