തിരുവനന്തുപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജന്മാരും സമരത്തിനിറങ്ങിയതോടെ ആശുപത്രികളുടെ പ്രവർത്തനങ്ങൾ താറുമാറായി. ശസ്ത്രക്രിയകൾ മിക്കതും മാറ്റിവെക്കുകയും അത്യാവശ്യ ചികിത്സ മുടങ്ങുകയും ചെയ്യുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
എന്നാൽ സമരം ചെയ്യുന്ന പി.ജി ഡോക്ടർമാകെ അവഗണിച്ച് ഹൗസ് സർജന്മാരെ മാത്രം ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് സർക്കാർ. പി.ജി. ഡോക്ടർമാരുമായി ചർച്ചയില്ലെന്ന മുൻനിലപാടിൽ നിന്ന് ആരോഗ്യവകുപ്പ് പിന്നാക്കം പോയിട്ടില്ല. സൂചനാ പണിമുടക്ക് തുടങ്ങിയതിന് പിന്നാലെ ഹൗസ് സർജന്മാരെ ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തു. രാവിലെ എട്ടുമുതൽ 24 മണിക്കൂർ നേരത്തേക്കാണ് ഹൗസ് സർജന്മാർ സമരം പ്രഖ്യാപിച്ചത്. പി.ജി. ഡോക്ടർമാർ സമരം തുടങ്ങിയിട്ട് നാല് ദിവസമായി. കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ജോലിഭാരം കുറയ്ക്കുക, സ്റ്റൈപൻഡ് പരിഷ്കരണം തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സമരം. എന്നാൽ ആവശ്യങ്ങൾ അംഗീകരിച്ചതാണെന്നും, ചർച്ചയ്ക്കില്ലെന്നുമാണ് സർക്കാർ നിലപാട്.
പി ജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജന്മാരും സമരം ചെയ്യുന്നത് രോഗികളെ വലക്കുകയാണ്. ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റുകയും ഒ.പി. ചികിത്സ മുടങ്ങുകയും ചെയ്തു. രോഗികളെ മടക്കി അയക്കേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് പല മെഡിക്കൽ കോളേജുകളും. പകുതിയിൽ താഴെ ഡോക്ടർമാർ മാത്രമാണ് ഇപ്പോൾ മെഡിക്കൽ കോളേജുകളിലുള്ളത്. സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ അത്യാഹിത വിഭാഗമുൾപ്പെടെയുള്ളവയിൽ നിന്ന് വിട്ടുനിന്നാണ് പി.ജി ഡോക്ടർമാർ സമരം ചെയ്യുന്നത്. ഇതിനിടെയാണ് ഹൗസ് സർജന്മാരെ മാത്രം ആരോഗ്യമന്ത്രി ചർച്ചയ്കക്ക് വിളിച്ചത്.
Content Highlights: PG Doctors and house surgeons strike