കൊച്ചി: സർവകലാശാലാ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ തുടരുന്നതിനിടെ എ.ജി – മുഖ്യമന്ത്രി കൂടിക്കാഴ്ച. ചാൻസലർ പദവി ഒഴിയുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സർക്കാർ നിലപാടും തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുമായി നടത്തിയത് സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നും ഗവർണർ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നുമാണ് അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് പ്രതികരിച്ചത്.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറുടെ കാലാവധി നീട്ടി നൽകി ഫയലിൽ ഒപ്പുവെച്ചത് സർക്കാരുമായുള്ള സംഘർഷം ഒഴിവാക്കാനാണെന്ന് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ എ.ജിയോട് നിയമോപദേശം ചോദിച്ചിട്ടില്ലെന്ന ഗവർണറുടെ പ്രതികരണത്തോട് ഗവർണർക്ക് നിയമോപദേശം നൽകിയിട്ടില്ലെന്നും സർക്കാരിനാണ് നിയമോപദേശം നൽകിയതെന്നായിരുന്നു എ.ജിയുടെ പ്രതികരണം.
20 മിനിറ്റോളം എജി – മുഖ്യമന്ത്രി കൂടിക്കാഴ്ച നീണ്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ ചർച്ച ചെയ്തിട്ടില്ലെന്ന് എ.ജി ആവർത്തിച്ച് പറഞ്ഞു. സർക്കാർ തീരുമാനത്തിനെതിരെ ഗവർണർ പരസ്യമായി പ്രതികരിച്ചതും വിഷയത്തിൽ താൻ സമ്മർദ്ദത്തിലായിരുന്നുവെന്ന് തുറന്ന് പറഞ്ഞതും സർക്കാരിനേയും ചൊടിപ്പിച്ചിട്ടുണ്ട്. ഗവർണർ ആശയവിനിമയം നടത്തുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കണം എന്നാണ് ഇടത് നേതാക്കൾ പ്രതികരിച്ചത്.
സമ്മർദ്ദം ചെലുത്തിയല്ല തീരുമാനമെങ്കിൽ എന്തിനാണ് സർക്കാർ എ.ജിയുടെ അഭിപ്രായം ആരാഞ്ഞതെന്നും ഗവർണർ ചോദിച്ചിരുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ചപ്പോൾ കൃത്യമായ ഒരു പ്രതികരണത്തിന് എ.ജി തയ്യാറായില്ല. സർക്കാരിന് വിവിധ വിഷയങ്ങളിൽ നിയമോപദേശം നൽകേണ്ടിവരുമെന്നും അതെല്ലാം മാധ്യമങ്ങളോട് പങ്കുവയ്ക്കാൻ കഴിയില്ലെന്നും പറഞ്ഞ് ഗോപാലകൃഷ്ണക്കുറുപ്പ് ഒഴിഞ്ഞ് മാറുകയായിരുന്നു.
Content Highlights: advocate general meets cm amid vice chancellor issues with governor