തെന്മല : തമിഴകത്തിന്റെ അതിർത്തിജില്ലകളിൽ പൂവിന്റെ വില കുത്തനെ ഉയർന്നു. കഴിഞ്ഞദിവസം തെങ്കാശി, തിരുനെൽവേലി പൂവിപണിയിൽ ഒരു കിലോ മുല്ലപ്പൂവിന് 4,000 രൂപവരെയായിരുന്നു. തമിഴ് കലണ്ടർ പ്രകാരം കാർത്തികമാസത്തിലെ അവസാനത്തേതും ഏറ്റവും നല്ലതുമായ വിവാഹമുഹൂർത്തദിവസം തിങ്കളാഴ്ചയാണ്.
ഇതുപ്രമാണിച്ച് പൂവിന് ആവശ്യക്കാർ ഏറിയതോടെ വിലയിൽ കാര്യമായ വർധനയുണ്ടായി. ശങ്കരൻകോവിൽ, പുളിയൻകുടി, പാവൂർസത്രം, മാനൂർ ഭാഗങ്ങളിലാണ് പൂക്കൃഷി ഏറ്റവും കൂടുതലുള്ളത്. എന്നാൽ, മഴ കനത്തതോടെ ഉത്പാദനം കുറഞ്ഞതും പാടങ്ങളിൽ ഏറിയപങ്കും മറ്റുള്ള കൃഷികൾക്ക് വഴിമാറിയതും തിരിച്ചടിയായി.
കഴിഞ്ഞദിവസം തെങ്കാശി പൂവിപണിയിലെ വില
മുല്ല-4000, പിച്ചി-1750, കനകാംബരം-2000, അരളി-400, സമ്മങ്കി (രജനീഗന്ധി)-500, റോസ്-400.
പച്ചക്കറിവിലയിൽ നേരിയ കുറവ്
അതേസമയം പച്ചക്കറിവിലയും തിങ്കളാഴ്ചമുതൽ കുറയാൻ സാധ്യതയുള്ളതായി വ്യാപാരികൾ പറയുന്നു. ഇതിന്റെ സൂചനയായി കഴിഞ്ഞദിവസം പാവൂർസത്രം ചന്തയിൽ പച്ചക്കറികളുടെ വിലയിൽ നേരിയമാറ്റം വന്നിട്ടുണ്ട്. 90 രൂപവരെയായിരുന്ന തക്കാളി 75-ലെത്തി. ഉരുളക്കിഴങ്ങ്, കൊച്ചുള്ളി ഉൾപ്പെടെയുള്ളതിനും കുറവുണ്ട്. വിവാഹമുഹൂർത്തം പ്രമാണിച്ച് കഴിഞ്ഞദിവസങ്ങളിൽ തെങ്കാശി, തിരുനെൽവേലി ചന്തകളിൽ കൂടുതൽ പച്ചക്കറിയെത്തിയിരുന്നു.
കേരളത്തിനൊപ്പം കനത്ത മഴ ലഭിച്ചതോടെ ഏറിയപങ്ക് കൃഷി സ്ഥലങ്ങളിലും വെള്ളം കയറിയിരുന്നു. നിലവിൽ നെൽക്കൃഷിയാണ് കൂടുതലായും നടന്നുവരുന്നത്. കഴിഞ്ഞമാസം അവസാനം മിക്കസ്ഥലങ്ങളിലും ഞാറുനടീൽ പൂർത്തിയായിരുന്നു.















