കാസർകോട്
പെരിയയിലെ കേരള കേന്ദ്രസർവകലാശാലയിൽ തുടക്കം മുതലുള്ളത് രാഷ്ട്രീയ നിയമനങ്ങളും സ്വജനപക്ഷപാതവും. യുപിഎ സർക്കാരിന്റെ കാലത്ത് ആരംഭിച്ച സർവകലാശാലയിൽ ആദ്യ വൈസ്ചാൻസലർ മുതലുള്ള നിയമനങ്ങൾ രാഷ്ട്രീയം പരിഗണിച്ചാണ്. ബിജെപി അധികാരത്തിലെത്തിയതോടെ അക്കാദമികതലത്തിലും കാവിവൽക്കരണം തകൃതിയായി.
പ്രോ–-വൈസ് ചാൻസലർ മുതൽ ഏറ്റവുമൊടുവിൽ നിയമിതനായ പബ്ലിക് റിലേഷൻസ് ഓഫീസർവരെ സംഘപരിവാർ ബന്ധമുള്ളവരാണ്. മുൻ പിവിസി കെ ജയപ്രസാദ് ചുമതലയേൽക്കുമ്പോൾ ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്റായിരുന്നു. ജനം ടിവി ലേഖകനായിരുന്ന കെ സുജിത്താണ് അവസാനം നിയമിതനായ പിആർഒ.
രണ്ടാം വിസി കോൺഗ്രസ് ബന്ധമുള്ളയാളായിരുന്നെങ്കിലും 2014 മുതൽ 2020വരെ സംഘപരിവാർ താൽപ്പര്യമനുസരിച്ച് പിവിസി ജയപ്രസാദാണ് സർവകലാശാല നിയന്ത്രിച്ചത്. യോഗ്യതയില്ലെന്ന ആരോപണത്തിൽ ഇയാളെ പുതുതായി ചുമതലയേറ്റ വിസി പ്രൊഫ. എച്ച് വെങ്കടേശ്വരലുവാണ് മാറ്റിനിർത്തിയത്.















