വിയന്ന
കോവിഡ് വാക്സിന് നിർബന്ധമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഓസ്ട്രിയയില്‍ വന്‍ പ്രതിഷേധം. നിയന്ത്രണങ്ങള്‍ക്കെതിരെ തലസ്ഥാനമായ വിയന്നയില്‍ നടന്ന പ്രതിഷേധത്തില്‍ ഏകദേശം 45,000 പേരാണ് പങ്കെടുത്തത്. പ്രതിഷേധം നേരിടാൻ 1400 പൊലീസുകാരെയും വിന്യസിച്ചു.
കഴിഞ്ഞയാഴ്ചയും നിയന്ത്രണങ്ങളും നിര്‍ബന്ധിത വാക്സിന് നയവും സര്‍ക്കാര്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. വലതുപക്ഷ ഓസ്ട്രിയൻ ഫ്രീഡം പാർടിയാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത്. ഏതാനും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ മഞ്ഞുകട്ടകളെറിഞ്ഞ് തുരത്താന്‍ ശ്രമമുണ്ടായെന്ന് പൊലീസ് പറഞ്ഞു.
കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ കഴിഞ്ഞമാസം ഓസ്ട്രിയ വീണ്ടും അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി മുതല്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശനത്തിന് വാക്സിനേഷന് നിര്‍ബന്ധമാക്കി. 89 ലക്ഷം ജനസംഖ്യയുള്ള ഓസ്ട്രിയയിൽ ഇതുവരെ 12 ലക്ഷം കോവിഡ് കേസും 13,000-ത്തിലധികം മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.