തിരുവനന്തപുരം: വഖഫ് സംരക്ഷണ റാലിക്കിടെ തനിക്കും കുടുംബത്തിനും നേരെ അധിക്ഷേപകരമായ പരാമർശം നടത്തിയ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അമ്മയേയും പെങ്ങളേയും തിരിച്ചറിയണമെന്നും സംസ്കാരം കുടുംബത്തിൽ നിന്ന് തുടങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി റിയാസിനേയും മകൾ വീണയേയും അധിക്ഷേപിച്ച് വർഗീയ പരാമർശം നടത്തിയ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായിയുടെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ സംസ്കാരം എന്താണെന്ന് കോഴിക്കോട്ടെ വേദിയിൽ കേരളം കണ്ടതാണ്. എന്തിനാണ് നിങ്ങൾക്ക് ഇത്ര വലിയ അസഹിഷ്ണുത. വഖഫ് ബോർഡിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് നിങ്ങൾ എന്തിനാണ് ആ പാവപ്പെട്ട എന്റെ അച്ഛനെ പറയുന്ന നിലയുണ്ടായത്. അദ്ദേഹം എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്. ചെത്തുകാരനായതാണോ തെറ്റ്. ഞാനിതിന് മുമ്പ് പലവേദികളിലും പറഞ്ഞതാണ്. ആ ചെത്തുകാരന്റെ മകനായതിൽ അഭിമാനിക്കുന്നു. നിങ്ങൾ ആരെ തോണ്ടാനാണ് ഇത് പറയുന്നത്. ചെത്തുകാരന്റെ മകനാണെന്ന് കേട്ടാൽ പിണറായി വിജയൻ എന്ന എനിക്ക് വല്ലാത്തവിഷമം ആകുമെന്നാണോ ചിന്തിക്കുന്നത്. നിങ്ങൾ പറഞ്ഞ മറ്റു കാര്യങ്ങളിലേക്ക് ഞാനിപ്പോൾ കൂടുതലൊന്നും കടക്കുന്നില്ല. ഓരോരുത്തരും അവരുടെ സംസ്കാരത്തിനനുസരിച്ച് കണ്ട് ശീലിച്ച കാര്യങ്ങൾ പറയുന്നതാണെന്നേ വിലയിരുത്താൻ പറ്റൂ. അത്തരം ആളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. അമ്മേം പെങ്ങളേയും തിരിച്ചറിയണം. ആദ്യം അതാണ് വേണ്ടത്. കുടുംബത്തിൽ നിന്ന് സംസ്കാരം തുടങ്ങണം. ആ പറഞ്ഞയാൾക്ക് അതുണ്ടോയെന്ന് സഹപ്രവർത്തകർ ആലോചിച്ചാൽ മതി. അത്രയേ ഞാനിപ്പം പറയുന്നുള്ളൂ. നിങ്ങളുടെ ഈ വിരട്ടൽകൊണ്ടൊന്നും കാര്യങ്ങൾ നേടാമെന്ന് കരുതേണ്ട, മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് വരുമ്പോൾ നാല് വോട്ട് സമ്പാദിക്കാൻ കള്ളങ്ങൾ പടച്ചുവിടുന്ന രീതി മുസ്ലിം ലീഗിന് പണ്ടേയുള്ളതാണ്. ഇപ്പോൾ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായി. നിങ്ങൾ രാഷ്ട്രീയ പാർട്ടിയാണോ മത സംഘടനയാണോ എന്നത് വ്യക്തമാക്കണണെന്ന് ഞാൻ പറഞ്ഞപ്പോൾ ലീഗ് നേതാക്കൾക്ക് വല്ലാതെ ഹാലിളകി. മുസ്ലിം വിഭാഗത്തിൽ നല്ല അംഗീകാരമുള്ള സംഘടനകളുണ്ട്. സുന്നിവിഭാത്തിൽ ജിഫ് രി തങ്ങളും കാന്തപുരം എപി അബൂബക്കർ മുസ് ലിയാറും നേതൃത്വം കൊടുക്കുന്ന സംഘടനകൾ. അതുപോലെ മുജാഹിദ് പോലുള്ള സംഘടനകൾ. വഖഫ് ബോർഡ് പ്രശ്നം വന്നപ്പോൾ പ്രധാനപ്പെട്ട രണ്ടു സംഘടനകളുടെ നേതാക്കളും മുജാഹിദിന്റെ ഒരു വിഭാഗവും സർക്കാരുമായി ചർച്ച നടത്തിയിരുന്നു. സർക്കാരിന് ഇക്കാര്യത്തിൽ വാശിയില്ല. ഇതിന്സർക്കാരല്ല തുടക്കം കുറിച്ചത് മറിച്ച് വഖഫ് ബോർഡാണ്. ഞങ്ങൾക്ക് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ല. എന്തുവേണമെന്ന് നമുക്ക് ചർച്ച ചെയ്യാമെന്നാണ് ഇവരോട് പറഞ്ഞത്. അതുവരെ ഇപ്പോൾ ഉള്ള സ്ഥിതി തുടരും. ഞങ്ങൾക്ക് സർക്കാരിന്റെ വാക്ക് വിശ്വാസമാണെന്ന് ഈ സംഘടനകളെല്ലാം പറഞ്ഞു. ലീഗിന് മാത്രം വിശ്വാസമല്ല. അത് മാനസികാവസ്ഥയുടെ പ്രശ്നമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് നോക്കിയത്.
തീരെ ആളില്ലാത്ത പ്രസ്ഥാനമൊന്നുമല്ല മുസ് ലിം ലീഗ്. എല്ലാ പ്രാദേശിക നേതൃത്വത്തോടും വിളിച്ച് പറഞ്ഞാണ് കോഴിക്കോട് ആളെ എത്തിച്ചത്. അത്ലീഗിന്കഴിയുന്നതേ ഉള്ളൂ. എന്നാൽ ആ ആളെ കണ്ട് അതാണ് മുസ്ലിം വികാരമെന്ന് തെറ്റിദ്ധരിക്കുന്ന സർക്കാരല്ല ഇവിടെയുള്ളതെന്ന് നിങ്ങൾ ഓർക്കണം. നിങ്ങൾക്ക്കഴിയുന്നത് നിങ്ങൾ ചെയ്തോ എന്നാണ് നേരത്തെയും പറഞ്ഞത്. അതാരും വിലവെക്കാൻ പോകുന്നില്ല. മുസ്ലിം വിഭാഗത്തിന് ഞങ്ങളെടുക്കുന്ന നിലപാട് തിരിച്ചറിയാനാകും. ഏത് വർഗീയ പ്രശ്നം വരുമ്പോഴും ആദ്യ ഉയരുന്ന ശബ്ദം കേരളത്തിന്റേതാണ്. അത് മറക്കേണ്ട. ആ വ്യത്യാസം ഹൃദയംതൊട്ട് അറിഞ്ഞവരാണ് കേരളത്തിലെ മുസ്ലിം സഹോദരങ്ങൾ. പഴയകാലത്തെ പോലെ നിങ്ങൾ പറയുന്നത് അപ്പടി വിഴുങ്ങുന്നവരല്ല. നിങ്ങളുടെ കാലിനടിയിലെ മണ്ണ് ഒഴുകി പോകുന്നതിന് മറ്റു മാർഗങ്ങൾ നോക്കിയിട്ട് കാര്യമില്ല. നേരെയുള്ള ശുദ്ധമായ വഴികൾ നോക്കണം. കാപട്യംകൊണ്ട് നടക്കരുത്. അതാണ് ആദ്യം വേണ്ടത്. മുസ്ലിമിന്റെ അട്ടിപ്പോറവകാശം നിങ്ങൾക്കല്ലെന്ന് ആവർത്തിക്കുന്നു.
മലപ്പുറത്ത് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ടിങ് ശതമാനത്തിൽ എത്ര വ്യത്യാസമുണ്ടെന്ന് നോക്കണം. കാലിന്റെ അടിയിലെ മണ്ണ് മെല്ലെ മെല്ലെ ഒഴുകിപോകുകയാണ്. അത് നിങ്ങളിലുള്ള വിശ്വാസ്യതയുടെ കുറവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.