ന്യൂഡൽഹി
സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു. തനിക്ക് പറയാനുള്ള കാര്യങ്ങൾ കത്തിൽ ഉന്നയിച്ചിട്ടുണ്ട്. നടപടിയെടുക്കേണ്ടത് സർക്കാരാണ്. ബാഹ്യ ഇടപെടലുണ്ടായെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും ഗവർണർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേരള നിയമസഭ തന്നെ ഏൽപ്പിച്ച പദവിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ ചില പ്രയാസങ്ങളുണ്ടായി. അതിനാൽ ഉത്തരവാദിത്വം തിരികെ ഏറ്റെടുക്കണമെന്നാണ് താൻ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ഗവർണർ പറഞ്ഞു.
ചാൻസലർ സ്ഥാനം ഭരണഘടനാപരമായ ചുമതലയല്ല, നിയമസഭാ ആക്റ്റ് പ്രകാരം തന്നിൽ അർപ്പിക്കപ്പെട്ട ഉത്തരവാദിത്വമാണെന്ന് ഗവർണർ നേരത്തേ പ്രതികരിച്ചിരുന്നു. കേരള സർക്കാർ ആക്റ്റ് ഭേദഗതി ചെയ്യാൻ ഓർഡിനൻസ് കൊണ്ടുവന്നാൽ ഉടനടി ഒപ്പിട്ടുനൽകും. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകില്ലെന്ന ഉറപ്പ് കിട്ടാതെ തീരുമാനം പുനഃപരിശോധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.