എരിപുരം (കണ്ണൂർ)> പച്ചയായ വർഗീയത പറയുന്ന മുസ്ലിംലീഗിനെ വെള്ളപൂശാനുള്ള ആർഎസ്എസ് നേതാക്കളുടെ നീക്കം ജാഗ്രതയോടെ കാണണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലീഗ് വർഗീയ പാർടിയാണോ രാഷ്ട്രീയ പാർടിയാണോ എന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ ജാമ്യത്തിലെടുക്കാൻ കുമ്മനം രാജശേഖരനെത്തിയത് വ്യക്തമായ നീക്കത്തിന്റെ സൂചനയാണെന്നും എരിപുരത്ത് സിപിഐ എം ജില്ലാ സമ്മേളന സമാപന പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.
ലീഗ് മതാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നാണ് ആർഎസ്എസ് ഉപദേശം. അധികാരത്തിലെത്താൻ ആർഎസ്എസ് ആരുമായും ബന്ധമുണ്ടാക്കും. കശ്മീരിൽ പിഡിപിയുമായാണ് കൂട്ടുകൂടിയത്. കുമ്മനത്തിന്റെ ലീഗ് അനുകൂല പരാമർശം ഈ അനുഭവത്തിൽ കാണണം. ലീഗ് മതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർടിയാണെന്ന് കോഴിക്കോട്ടെ പരിപാടിയിൽ തെളിയിച്ചു.
മതം അപകടത്തിലാണെന്ന തരത്തിലാണ് അവരുടെ പ്രചാരണം. വർഗീയതയാണിതെന്ന് സമസ്തയ്ക്കുപോലും പറയേണ്ടിവന്നു. രാഷ്ട്രീയമായി ഒന്നും പറയാനില്ലാത്തപ്പോഴാണ് ലീഗ് വർഗീയത പറയുന്നത്.
കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നത് മുസ്ലിം ലീഗായതുകൊണ്ടാണ് മതനിരപേക്ഷ പാർടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് മിണ്ടാത്തത്. ലീഗുകൂടിയില്ലെങ്കിൽ തെരഞ്ഞെടുപ്പുകളിലെ സ്ഥിതിയെന്താകുമെന്ന് കോൺഗ്രസിന് നല്ല ബോധ്യമുണ്ട്. ലീഗ് നേതാക്കളുടെ ചരിത്രം പറയാൻ സിപിഐ എമ്മിന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.