ആലപ്പുഴ> കോൺഗ്രസ് ഭാരവാഹി യോഗത്തിൽ രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച കെപിസിസി ജനറൽ സെക്രട്ടറി പ്രതാപവർമ്മ തമ്പാനെ ജില്ലയുടെ ചുമതലയിൽനിന്ന് നീക്കണമെന്ന ആവശ്യവുമായി ഡിസിസി. കെപിസിസി പ്രസിഡന്റ് കെ സുധാകരനോട് ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് ഇക്കാര്യം ആവശ്യപ്പെട്ടു. ചെന്നിത്തലയ്ക്ക് സ്ഥാനമാനങ്ങൾ കിട്ടുന്നത് എൻഎസ്എസിന്റെ സഹായത്തോടെയാണെന്ന് പറഞ്ഞതാണ് പ്രതാപ വർമ തമ്പാനെതിരെ ഡിസിസി ആയുധമാക്കുന്നത്.
ഡിസിസി ഭാരവാഹികൾ, ജില്ലയിലെ കെപിസിസി അംഗങ്ങൾ, ബ്ലോക്ക് ഭാരവാഹികൾ എന്നിവരുടെ യോഗം വെള്ളിയാഴ്ചയാണ് ചേർന്നത്. പുനഃസംഘടന മാനദണ്ഡങ്ങൾ റിപ്പോർട്ട് ചെയ്യാനും മുന്നൊരുക്കങ്ങൾ നടത്താനും ചേർന്ന യോഗം സംഘർഷത്തിൽ കലാശിച്ചു. തമ്പാനെ ഒരു മണിക്കൂറിലേറെ തടഞ്ഞുവച്ചു.
പുനഃസംഘടനയായിരുന്നു അജണ്ടയെങ്കിലും അരൂർ ഉപതെരഞ്ഞെടുപ്പ് തോൽവിയാണ് ചർച്ചയായത്. സ്ഥാനാർഥി വലിയ സാമ്പത്തിക ബാധ്യതയിലായെന്നും കെപിസിസിയടക്കം ആരും ഒരു സഹായവും ചെയ്തില്ലെന്നും ബാബുപ്രസാദ് പറഞ്ഞതാണ് തമ്പാനെ ചൊടിപ്പിച്ചത്.
ഇങ്ങനെയാണെങ്കിൽ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മത്സരിക്കാതിരിക്കലാകും ഉചിതം. ചെന്നിത്തലയ്ക്ക് മത്സരിക്കാൻ എംഎൽഎ സ്ഥാനമൊഴിഞ്ഞു കൊടുത്തയാളാണ് താനെന്നും ബാബുപ്രസാദ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ ഫണ്ട് ശേഖരിക്കേണ്ടത് ഡിസിസിയാണെന്നും അതിന് കഴിയാത്തത് പ്രസിഡന്റിന്റെ കഴിവുകേടാണന്നും തമ്പാൻ തിരിച്ചടിച്ചു. ഏതെങ്കിലും നേതാവ് കരഞ്ഞു കാണിക്കുമ്പോൾ സ്ഥാനമൊഴിഞ്ഞു കൊടുക്കുന്നവർ, സ്ഥാനങ്ങൾ നേടിയെടുക്കാൻ കഴിവുള്ളവർ കൂടിയായിരിക്കണം.
പാരമ്പര്യവും പ്രാമാണിത്തവും ജനപിന്തുണയും അവകാശപ്പെട്ടു നടക്കുന്നവരുടെ പിന്നാലെ പോയാൽ തേരാപ്പാര നടക്കേണ്ടി വരും. തുടർന്നാണ് അദ്ദേഹം ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ചത്.