നിയമനങ്ങൾ പിഎസ്സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോർഡിന്റേതാണ്. അവരുടെ തീരുമാനം അനുസരിച്ചാണ് നിയമം നടപ്പാക്കുന്നത്. അതിൽ ഞങ്ങൾക്ക് പ്രത്യേക വാശിയൊന്നും ഇല്ല. എന്തു വേണമെന്ന് നമുക്ക് ചർച്ച ചെയ്യാം. അത് ചർച്ച ചെയ്യുന്നതുവരെ ഇപ്പോഴത്തെ സ്ഥിതി തുടരും. എല്ലാവരുംകൂടി ഇരുന്ന് നമുക്കൊരു തീരുമാനത്തിൽ എത്താം. മത സംഘടനകൾ എല്ലാവരും പറഞ്ഞു സർക്കാരിന്റെ തീരുമാനത്തിൽ വിശ്വാസമാണെന്ന്. എന്നാൽ ഇവർക്ക് വിശ്വാസമല്ല.
മുസ്ലിം ലീഗ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇതൊരു ആയുധമാക്കാൻ പറ്റുമോ എന്നാണ് നോക്കിയത്. മുസ്ലിം ലീഗ് കേരളത്തിൽ തീരെ ആളില്ലാത്ത പാർട്ടി അല്ലല്ലോ. അവരുടെ നേതൃത്വം എല്ലാ പ്രാദേശിക തലത്തിലും വിളിച്ചു പറഞ്ഞാണ് കോഴിക്കോട് ആളെ എത്തിച്ചത്. അത് ലീഗിന് കഴിയുന്നതേയുള്ളൂ. പക്ഷേ അതു കണ്ട് അതാണ് മുസ്ലിം വികാരം എന്നു തെറ്റിദ്ധരിക്കുന്ന ഒരു സർക്കാരല്ല ഇവിടെയുള്ളതെന്ന് ഓർത്തോളണം. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് നിങ്ങൾ ചെയ്തോ. അതാരും വിലവെക്കാൻ പോകുന്നില്ല. നിങ്ങളുടെ തീരുമാനം രാഷ്ട്രീയമായി എടുക്കുന്നതാണെന്ന ബോധ്യം മുസ്ലിം വിഭാഗത്തിനുണ്ട്. അതിനു കാരണം ഞങ്ങളുടെ നിലപാടാണ്. ആ നിലപാട് ഓരോ കാര്യത്തിലും ഉണ്ടായിട്ടുണ്ട്. ഈ രാജ്യത്ത് പൗരത്വ നിയമ ഭേദഗതി പ്രശ്നം വന്നപ്പോൾ ആദ്യം ഉയര്‍ന്ന ശബ്ദം കേരളത്തിന്റേതായിരുന്നു.
നിങ്ങളുടെ കാലിൻ ചുവട്ടിലെ മണ്ണ് ഒഴുകി പോകുന്നതിന് മറ്റ് മാര്‍ഗങ്ങൾ നോക്കിയിട്ട് കാര്യമില്ല. ശുദ്ധമായ നിലപാട് സ്വീകരിച്ചു പോകണം. കാപട്യം കൊണ്ടു നടക്കരുത്. മുസ്ലിമിന്റെ അട്ടിപ്പേറവകാശം നിങ്ങളിലല്ല. അങ്ങനെ നിങ്ങൾ തെറ്റിദ്ധരിക്കുകയും വേണ്ട.
ഈ കേരളം കണ്ടല്ലോ ലീഗിന്റെ ശരിയായ സംസ്കാരം. നിങ്ങളുടെ പ്രസംഗകന്മാരുടെ നാക്കിൻ തുമ്പത്തു നിന്നും വരുന്നത് കണ്ടല്ലോ. എന്തിനാണ് നിങ്ങൾക്ക് ഇത്ര അസഹിഷ്ണുത. വഖഫ് ബോര്‍ഡിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് നിങ്ങൾ എന്തിനാണ് എന്റെ ഹൈ സ്കൂൾ ജീവിതകാലത്ത് മരണപ്പെട്ടുപോയ ആ പാവപ്പെട്ട അച്ഛനെ പറയുന്ന നില ഉണ്ടായത്? അദ്ദേഹം എന്ത് തെറ്റ് നിങ്ങളോട് ചെയ്തു? അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ്? ഞാൻ ഇതിനു മുമ്പ് പല വേദികളിൽ പറഞ്ഞതല്ലേ, ആ ചെത്തുകാരന്റെ മകനായതിൽ അഭിമാനിക്കുന്നുവെന്ന്. ചെത്തുകാരന്റെ മകൻ എന്നു പറയുമ്പോൾ പിണറായി വിജയൻ എന്ന എനിക്ക് വല്ലാത്ത വിഷമം ആയി പോകുമെന്നാണോ ചിന്ത?
നിങ്ങൾ പറഞ്ഞ മറ്റ് കാര്യങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല, അത് ഓരോരുത്തരുടെ സംസ്കാരം അനുസരിച്ച് നിങ്ങൾ പറയുന്നു. ഓരോരുത്തർ കണ്ടു ശീലിച്ച കാര്യങ്ങൾ വെച്ചേ അങ്ങനെയുള്ള കാര്യങ്ങളെ വിലയിരുത്താൻ പറ്റൂ. അത്തരം ആളുകളോട് ഒന്നേ പറയാനുള്ളൂ, അമ്മയേയും പെങ്ങളേയും തിരിച്ചറിയണം കേട്ടോ. ആദ്യം അതാണ് വേണ്ടത്. കുടുംബത്തിൽ നിന്നും സംസ്കാരം തുടങ്ങണം. ആ പറഞ്ഞ ആൾക്ക് അത് ഉണ്ടോയെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ആലോചിച്ചാൽ മതി. നിങ്ങളുടെ വിരട്ടലുകൊണ്ട് കാര്യങ്ങൾ നേടിക്കളയാം എന്ന ധാരണ വേണ്ട- പിണറായി വിജയൻ പറഞ്ഞു.