തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നമായിട്ടാണ് മുഖ്യമന്ത്രി സർവകലാശാലയിലെ തെറ്റായ നിയമനങ്ങളെ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിന് മുമ്പും ഇവർ തമ്മിൽ തർക്കമുണ്ടായിട്ടുണ്ട്. ഡൽഹിയിലുള്ള ആളുകൾ ഇടപ്പെട്ട് അത് പരിഹരിച്ചിട്ടുണ്ട്. നാളെ ഇവർ വീണ്ടും സെറ്റിലാകുമോ എന്നൊന്നും ഞങ്ങൾക്കറിയില്ല. ഞങ്ങളുടെ വിഷയം അതല്ല. എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നടത്തിയ നിയമനങ്ങളാണ് പ്രശ്നം. ഭരണപരമായ കാര്യങ്ങളിൽ മാത്രമല്ല അക്കാദമിക് തലത്തിലും ഇടപെടൽ നടന്നുവരികയാണെന്നും സതീശൻ പറഞ്ഞു.
കണ്ണൂർ സർവകലാശാല വിസി നിയമനത്തിൽ ഗവർണർ തെറ്റായ തീരുമാനമാണ് എടുത്തത്. നിയമവിരുദ്ധമായ സർക്കാരിന്റെ ഒരു ശുപാർശയ്ക്ക് മേലൊപ്പ് ചാർത്തികൊടുക്കുകയാണ് ചെയ്തത്. ഗവർണർ അതിപ്പോൾ സമ്മതിച്ചു. ഇനി അത് തിരുത്താനുള്ള നടപടികളിലേക്ക് കടക്കണം.
തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ദേശദ്രോഹികളാക്കി മാറ്റുകയാണ് ഞങ്ങളെ. ഏകാധിപതികളുടെ പൊതുസ്വഭാവമാണ് പിണറായി വിജയനും. അദ്ദേഹത്തേയും അദ്ദേഹത്തിന്റെ സർക്കാരിനേയും വിമർശിച്ചാൽ ദേശദ്രോഹികളാക്കാം. ആലുവയിൽ സമരം നടത്തിയ യുവാക്കൾക്ക് തീവ്രവാദ ബന്ധം ചാർത്തികൊടുത്തവരാണ് പിണറായി സർക്കാർ. മോദി സർക്കാരിന്റെ അതേ പകർപ്പ് തന്നെയാണ് പിണറായിയും.
വിമർശനങ്ങൾ സഹിക്കാൻ മുഖ്യമന്ത്രിക്ക് ഒരിക്കലും ആകില്ല. പണ്ട് ഇതുപോലെ പ്രശ്നം വന്നപ്പോൾ ഒറ്റ ഫോൺകോളിൽ അതവസാനിച്ചു. അതുകൊണ്ട് അതിന്റെ പുറകിൽ പോകാൻ തങ്ങളില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.