കോഴിക്കോട്:എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേരളത്തിൽ നടത്തിയ റെയ്ഡും അതിൽ കണ്ടെത്തിയെന്ന് പറയുന്ന കാര്യങ്ങളും വസ്തുതാവിരുദ്ധമെന്ന് പോപ്പുലർ ഫ്രണ്ട്.പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് പറഞ്ഞു. ഇ.ഡി നടത്തിയ റെയ്ഡുകളും പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ അവകാശവാദങ്ങളും അടിസ്ഥാനരഹിതവും അധാർമ്മികവും ദുരുദ്ദേശ്യപരവുമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.
കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ 400 കോടിയുടെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കാൻ താൽപ്പര്യമില്ലാത്ത ഇ.ഡി.യാണ് ഇപ്പോൾ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ബിസിനസുകൾക്ക് പിന്നാലെ പോകുന്നത്. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മറ്റൊരു മുസ്ലിം വിരുദ്ധ പ്രചരണത്തിലൂടെ കൂടുതൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുക എന്നതാണ് ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും പദ്ധതിയെന്നും ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ അവർ ദുരുപയോഗം ചെയ്യുകയാണെന്നും അനീസ് അഹമ്മദ് പറഞ്ഞു.
കഴിഞ്ഞദിവസം വീടുകളിലും പ്രൊജക്ട് സൈറ്റിലും ഇ.ഡി നടത്തിയ റെയ്ഡുകൾ കോടതിയിൽ ഉന്നയിച്ച നടപടിക്രമങ്ങൾക്ക് വിരുദ്ധമാണ്. അടിസ്ഥാന മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ഇ.ഡി ഉദ്യോഗസ്ഥർ വീടുകളിൽ കയറിയത് പ്രായമായ കുടുംബാംഗങ്ങളെ പ്രയാസത്തിലാക്കുകയും അവർ ആശുപത്രിയിൽ ചികിത്സയിലുമാണ്. വനിതാ ഉദ്യോഗസ്ഥരില്ലാതെയാണ് സ്ത്രീകൾ മാത്രമുള്ള വീട്ടിലേക്ക് ഇ.ഡി സംഘം അതിക്രമിച്ച് കയറിയത്. ഇ.ഡിയുടെ ഈ നിയമ ലംഘനങ്ങൾ മറച്ചുവെക്കാനാണ് ഇപ്പോൾ നിരപരാധികൾക്കെതിരെ കള്ളപ്പണത്തിന്റെ വിചിത്രമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അനീസ് അഹമ്മദ് ആരോപിച്ചു.
Read Also:പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് അബുദാബിയിൽ ബാർ, മൂന്നാറിലെ വില്ലയിൽ കള്ളപ്പണം-ഇ.ഡി
ഡിസംബർ എട്ടാം തീയതി കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡിൽ കള്ളപ്പണ ഇടപാടിന്റെ വിവരങ്ങൾ ലഭിച്ചതായി ഇ.ഡി. നേരത്തെ അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന രേഖകൾ പിടിച്ചെടുത്തതായും പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് അബുദാബിയിൽ ബാറും റെസ്റ്റോറന്റും അടക്കമുള്ള സ്വത്തുവകകളുണ്ടെന്നും ഇ.ഡി. പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇ.ഡി.യുടെ വിശദീകരണത്തിനെതിരേ പോപ്പുലർ ഫ്രണ്ട് രംഗത്തെത്തിയത്.
Content Highlights:popular front of india against enforcement directorate