രാജ്കോട്ട് > വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിൽ കരുത്തരായ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് മിന്നും ജയം. എതിരാളികളുയർത്തിയ 292 വിജയലക്ഷ്യം വിഷ്ണു വിനോദിന്റെ സെഞ്ചുറി കരുത്തിൽ മറികടന്നാണ് കേരളം ടൂർണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കിയത്. പുറത്താകതെ 82 പന്തിൽ നിന്ന് വിഷ്ണു സെഞ്ചുറി നേടിയപ്പോൾ സിജോ മോൻ ജോസഫ് അർധ സെഞ്ചുറി നേടി. 70 പന്തിൽ നിന്ന് 71 നേടിയ സിജോമോന്റെ അർധ സെഞ്ചുറിയും നിർണായകമായി.
രാജ്കോട്ടിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ കേരളം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഹാരാഷ്ട്ര നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് നേടി. നായകൻ ഋതുരാജ് ഗെയ്ക്വാദിന്റെ തകർപ്പൻ സെഞ്ചുറിയാണ് (129 പന്തിൽ 124) മഹാരാഷ്ട്രയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ടൂർണമെന്റിലെ ഗെയ്ക്വാദിന്റെ മൂന്നാം സെഞ്ചുറിയാണിത്. മഹാരാഷ്ട്രയ്ക്കായി രാഹുൽ ത്രിപാഠി 108 പന്തിൽ നിന്ന് 99 റൺസ് നേടി. കേരളത്തിനായി 10 ഓവറിൽ 49 റൺസ് വഴങ്ങി എം
ഡി നിധീഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങിൽ പതർച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. 35 റൺസിനിടെ നാല് മുൻ നിര വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. പിന്നീട് ക്യാപ്റ്റൻ സഞ്ജു സാംസണി 42(35) ന്റേയും, ജലജ് സക്സേന 44(54) യുടേയും കൂട്ടുകെട്ടാണ് കേരളത്തിന് താങ്ങായത്. ഇരുവരും പുറത്തായതോടെ മത്സരം കേരളം കൈവിട്ട പ്രതീതിയായി. എന്നാൽ ക്രീസിലെത്തിയ വിഷ്ണുവും സിജോമോനും ചേർന്ന് കേരളത്തെ വിജയ തീരത്ത് എത്തിക്കുകയായിരുന്നു. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 141 പന്തിൽ 174 റൺസടിച്ചുകൂട്ടി. ഗ്രൂപ്പിൽ മഹാരാഷ്ട്രയുടെ ആദ്യ തോൽവിയായിരുന്നു ഇത്.