തൃശ്ശൂർ: കുനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപിന് വീരോചിതമായയാത്രാമൊഴി. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മകൻ ദക്ഷിൺദേവ് ചിതയ്ക്ക് തീകൊളുത്തി.
ശനിയാഴ്ച ഉച്ചയോടെ റോഡുമാർഗം കോയമ്പത്തൂരിൽനിന്ന് വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, കെ കൃഷ്ണൻകുട്ടി എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്. തുടർന്ന് പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്കൂളിലേക്ക് മൃതദേഹം പോയി. കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, കെ രാജൻ തുടങ്ങിയവർ സ്കൂളിലെത്തി മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.
സ്കൂളിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം പ്രദീപിന്റെ വീട്ടിലേക്ക് എത്തിച്ചു. ആയിരക്കണക്കിന് ആളുകളാണ് പ്രദീപിന് അന്തിമോപചാരം അർപ്പിക്കാൻ രണ്ടിടത്തും എത്തിയത്.
പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയതിന് ശേഷം 2002-ലാണ് പ്രദീപ് വായുസേനയിൽ ചേർന്നത്. വെപ്പൺ ഫൈറ്റർ ആയാണ് ആദ്യനിയമനം. പിന്നീട് എയർ ക്രൂവായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ ഉടനീളം പ്രദീപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാധാകൃഷ്ണൻ, കുമാരി എന്നിവരാണ് മാതാപിതാക്കൾ. ശ്രീലക്ഷ്മിയാണ് ഭാര്യ. മക്കൾ: ദക്ഷിൺദേവ്, ദേവപ്രയാഗ.
content highlights:army helicopter crash: last rites of a pradeep held