മൂന്നാര് > മൂന്നാര് പഞ്ചായത്ത് ഭരണം ഒന്നര പതിറ്റാണ്ടിനുശേഷം യുഡിഎഫിന് നഷ്ടമായി. ഭരണസമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ആകെയുള്ള 21 അംഗങ്ങളിൽ യുഡിഎഫിലെ രണ്ടുപേർ ഉൾപ്പെടെ 12 പേർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ ഒരുവർഷത്തെ യുഡിഎഫ് ഭരണത്തിന് അന്ത്യമായി. പരാജയം മുന്നിൽകണ്ട് പ്രസിഡന്റ് എം മണിമൊഴി നേരത്തെ രാജിക്കത്ത് നൽകിയിരുന്നു.
യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിൽ എത്തിയെങ്കിലും ഭൂരിപക്ഷമില്ലെന്ന് മനസ്സിലായതോടെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. കഴിഞ്ഞച 19നാണ് പഞ്ചായത്ത് പ്രസിഡന്റ് എം മണിമൊഴി, വൈസ് പ്രസിഡന്റ് മാർഷ് പീറ്റർ എന്നിവർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ചർച്ച അലങ്കോലപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകർ തലേന്ന് രാത്രിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും പഞ്ചായത്ത് ഓഫീസ് പരിസരത്തും തമ്പടിച്ചിരുന്നു. എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോൾ ഇവർ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കി. എൽഡിഎഫ് അംഗങ്ങളെ വാഹനത്തിൽനിന്ന് ഇറങ്ങാൻ അനുവദിച്ചില്ല. പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റിയശേഷമാണ് വോട്ടെടുപ്പ് നടത്തിയത്.