തിരുവനന്തപുരം
സുശക്തമായി സമരരംഗത്ത് നിന്നാൽ ഏത് അടിച്ചമർത്തലിനെയും അതിജീവിച്ച് ബഹുജനശക്തിക്ക് വിജയിക്കാൻ കഴിയുമെന്ന പാഠമാണ് ഇന്ത്യയിലെ കർഷകസമരം നൽകുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും അന്താരാഷ്ട്ര വിഭാഗം ചുമതലക്കാരനുമായ എം എ ബേബി പറഞ്ഞു. കമ്യൂണിസ്റ്റ് പാർടികളുടെയും തൊഴിലാളി പാർടികളുടെയും അന്താരാഷ്ട്ര വാർഷിക സമ്മേളനത്തിൽ സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വർഷത്തിലധികം നീണ്ട കർഷകസമരം ഭരണവർഗങ്ങളുടെ എല്ലാ അടിച്ചമർത്തലുകളെയും മറികടന്നാണ് വിജയിച്ചത്. കോവിഡും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും കൈകാര്യം ചെയ്യുന്നതിൽ വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും സാമ്രാജ്യത്വ മുതലാളിത്ത രാഷ്ട്രങ്ങൾ ദയനീയമായി പരാജയപ്പെട്ടു. എന്നാൽ, ക്യൂബ യൂറോപ്പിലേക്ക് ഉൾപ്പെടെ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും സന്നദ്ധ സേവനത്തിന് എത്തിച്ചു. ചൈന ഏറ്റവും ഒടുവിൽ 100 കോടി വാക്സിനാണ് ആഫ്രിക്കയ്ക്ക് നൽകിയത്.
ഇന്ത്യൻ സാഹചര്യത്തിൽ, കേരളത്തിലെ ഇടതുപക്ഷ സർക്കാർ ബദൽ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് വിജയിപ്പിക്കുന്നതിലും കോവിഡ് നേരിടുന്നതിലും പുതിയ മാതൃക സൃഷ്ടിച്ചു. ക്യൂബയിലെയും പലസ്തീനിലെയും ജനതയുടെ സാമ്രാജ്യത്വവിരുദ്ധ ചെറുത്തുനിൽപ്പിന് ഇന്ത്യയിലെ പുരോഗമനശക്തികളുടെ പിന്തുണ എപ്പോഴുമുണ്ടാകുമെന്നും ബേബി സമ്മേളനത്തെ അറിയിച്ചു.
ഉത്തരകൊറിയയിലെ പ്യോങ്ങ്യാങ്ങിൽ 2020ൽ ചേരേണ്ടിയിരുന്ന സമ്മേളനം യാത്രാനിയന്ത്രണ സാഹചര്യത്തിൽ ഓൺലൈനായാണ് നടക്കുന്നത്. ഗ്രീക് കമ്യൂണിസ്റ്റ് പാർടിയും തുർക്കിയിലെ കമ്യൂണിസ്റ്റ് പാർടിയുമാണ് സാങ്കേതിക ക്രമീകരണങ്ങളൊരുക്കിയത്. 81 കമ്യൂണിസ്റ്റ്– -തൊഴിലാളി പാർടികളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
ലോകത്തെ സാമ്പത്തിക, രാഷ്ട്രീയ, സൈനിക സംഭവവികാസങ്ങളും കമ്യൂണിസ്റ്റ്– -െതാഴിലാളി പാർടികളുടെ അനുഭവങ്ങളുമാണ് മുഖ്യ ചർച്ചാവിഷയം. സമ്മേളനം ശനിയാഴ്ചയും തുടരും.