കോഴിക്കോട്
ആർഎസ്എസിനോട് മത്സരിക്കുന്ന മത –-തീവ്രവർഗീയ പ്രസ്ഥാനമായി മുസ്ലിം ലീഗ് മാറുന്നു. രാഷ്ട്രീയ കക്ഷി എന്ന ലേബലിൽനിന്ന് ലീഗ് പൂർണമായി മതമേലങ്കി അണിയുന്ന കാഴ്ചയാണ് – വഖഫ് സംരക്ഷണ റാലി എന്ന പേരിൽ കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയിൽ പ്രകടമായത്. മുദ്രാവാക്യം മുതൽ നേതാക്കളുടെ പ്രസംഗംവരെ ലീഗിന്റെ മതതീവ്ര–- വർഗീയ അജൻഡകൾ നിറഞ്ഞൊഴുകി.
ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹ്മാനടക്കം ചോരയൊഴുക്കിയ സ്വാതന്ത്ര്യസമര ഭൂമികയായ കടപ്പുറത്തെയടക്കം കളങ്കപ്പെടുത്തുകയായിരുന്നു വംശീയ–-വർഗീയാധിക്ഷേപത്തിലൂടെ ലീഗുകാർ. ലീഗിനെ എതിർക്കുന്ന കമ്യൂണിസ്റ്റുകാർ കാഫിറുകളെന്നും മതവിരോധികളെന്നുമെല്ലാമുള്ള പഴഞ്ചൻ ഫത്വകൾ നേതാക്കൾ ഏറ്റുപാടി.
തികഞ്ഞ മതപരിവേഷം
അഞ്ചരവർഷമായി ഭരണമില്ലാത്തത് ലീഗിന്റെ സമനില നഷ്ടമാക്കിയെന്ന് റാലി തെളിയിച്ചു. വഖഫ് വിഷയത്തിൽ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) സ്വീകരിച്ച നിലപാട് അവരിൽ സൃഷ്ടിച്ച ആശങ്കയുടെ പ്രതിഫലനമായിരുന്നു പരിപാടി. റാലിയിൽ പാണക്കാട് തങ്ങൾ കുടുംബത്തെയാകെ അണിനിരത്തിയത് ഇതിന്റെ സൂചനയായിരുന്നു. പാണക്കാട് കുടുംബത്തെയാകെ പങ്കെടുപ്പിച്ചുള്ള പരിപാടി ലീഗ് ചരിത്രത്തിലിന്നേവരെ ഉണ്ടായിട്ടില്ല.
വർഗീയ വിഷം ചീറ്റി ഷാജിയും അബ്ദുറഹ്മാനും
അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുതലുള്ള നേതാക്കളുടെ പ്രസംഗത്തിലും ബേജാർ തെളിഞ്ഞിരുന്നു. സമുദായത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എമ്മും ഭിന്നിപ്പിക്കുന്നു എന്നതായിരുന്നു നേതാക്കളുടെ പ്രധാന ആരോപണം. കെ എം ഷാജി മുതൽ അബ്ദുറഹ്മാൻ കല്ലായി വരെയുള്ള സെക്രട്ടറിമാരുടെ പ്രസംഗമാകട്ടെ വർഗീയവിഷം ചീറ്റലായി.
മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയുള്ള അധിക്ഷേപമായിരുന്നു അബ്ദുറഹ്മാൻ നടത്തിയത്. ലീഗ് വിട്ട് സിപിഐ എമ്മിനൊപ്പം പോകുന്നവർ ഇസ്ലാമിൽനിന്നാണ് പോകുന്നതെന്നായിരുന്നു ഷാജിയുടെ കണ്ടെത്തൽ. എസ്എഫ്ഐയിൽ കുട്ടികൾ ചേർന്നാൽ സമുദായത്തിനാണ് ക്ഷീണമെന്നും മാർക്സിസ്റ്റുകാർ ഇസ്ലാമിന്റെ ശത്രുക്കളെന്നുമെല്ലാം ആക്ഷേപിച്ചു. വഖഫ് വിഷയമാക്കി മതമാണ് പ്രധാന അജൻഡയെന്ന് ലീഗ് തുറന്നു പ്രഖ്യാപിച്ച റാലി സാമൂഹ്യ–-രാഷ്ട്രീയ മണ്ഡലത്തിലുണ്ടാക്കുന്ന അപകടം ചെറുതാകില്ല. ആർഎസ്എസിന്റെ ഹൈന്ദവ അജൻഡയുടെ ബദൽ അവതരിപ്പിക്കയായിരുന്നു ലീഗ്. ലീഗിന്റെ ഈ വർഗീയ അജൻഡ അംഗീകരിക്കുന്നുണ്ടോയെന്ന് കോൺഗ്രസും യുഡിഎഫും വ്യക്തമാക്കേണ്ടിവരും.