തിരുവനന്തപുരം: ഒന്നും രണ്ടും ഡോസ് ചേർത്ത് സംസ്ഥാനത്തെ സമ്പൂർണ കോവിഡ് വാക്സിനേഷൻ 70 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 96.87 ശതമാനം പേർക്ക് (2,58,72,847) ആദ്യ ഡോസ് വാക്സിനും 70.37 ശതമാനം പേർക്ക് (1,87,96,209) രണ്ടാം ഡോസ് വാക്സിനും നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,46,69,056 ഡോസ് വാക്സിനാണ് നൽകിയത്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 86.52 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 53.84 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം നടന്നുവരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാൻ ബാക്കിയുള്ളവരെ കണ്ടെത്തി വാക്സിൻ നൽകുകയാണ് ലക്ഷ്യം. പ്രത്യേക വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി പ്രതിദിന വാക്സിനേഷനും കൂടിയിട്ടുണ്ട്.
കോവിഡ് ബാധിച്ചവർക്ക് മൂന്ന്മാസം കഴിഞ്ഞുമാത്രം വാക്സിനെടുത്താൽ മതി. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവർ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണെ്. ഇനിയും വാക്സിനെടുക്കാത്തവർ ഉടൻ വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.
Content Highlights: covid vaccination in kerala cross 70%