പലപ്പോഴും ഇഷ്ടപ്പെട്ട കളിപ്പാട്ടം നൽകിയോ എന്തെങ്കിലും ആംഗ്യം കാണിച്ചോ ആവും കുട്ടിയുടെ കരച്ചിലിലെ ശ്രദ്ധ മാറ്റാൻ നാം ശ്രമിക്കുക. ചിലപ്പോഴൊക്കെ നാം ഈ ഉദ്യമത്തിൽ വിജയിക്കും. ചിലപ്പോൾ അമ്പേ പരാജയപ്പെടും. ഇത്തരത്തിൽ പരാജയപ്പെട്ട അമ്മ ചെയ്ത ഒരു പ്രവർത്തിയും അതിന് കുഞ്ഞിൽ നിന്നുണ്ടായ പ്രതികരണവുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഒരു കുട്ടി നിർത്താതെ കരയുന്നത് കാണാം. മാതാപിതാക്കൾ പല അടവും പയറ്റി നോക്കിയിട്ടും കുട്ടി കരച്ചിൽ നിർത്തുന്നില്ല. പെട്ടന്ന് അമ്മയുടെ കയ്യിൽ നിന്നും ചീസിന്റെ ഒരു കഷണം കുട്ടിയുടെ തലയിൽ വീഴുന്നു. അപ്രതീക്ഷിതമായി തലയിൽ ചീസ് വീണതോടെ ‘ഇപ്പോൾ എന്താ സംഭവിച്ചത്’ എന്ന ആശ്ചര്യത്തോടെ കുട്ടിക്ക് കരച്ചിലടക്കി സ്തബ്ധനായി നിൽക്കുന്ന രംഗം ചിരിയടക്കാതെ നിങ്ങൾക്ക് കണ്ടു തീർക്കാൻ സാധിക്കില്ല.
റെഡിറ്റിൽ വീഡിയോ വൈറലാണ്. കൊച്ചുകുട്ടിയുടെ കരച്ചിൽ നിർത്താനുള്ള പുതിയ സാങ്കേതികതയെ ചിലർ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. രസകരമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. “ആദ്യ കുട്ടി കരയുമ്പോൾ മാതാപിതാക്കൾ അവന് പാൽ കൊടുക്കണം, കൃത്യസമയത്ത് ഉറക്കണം, ആരും ശബ്ദം ഉണ്ടാക്കരുത് മുതലായ നിയമങ്ങൾ കൊണ്ടുവരും. രണ്ടാമത്തെ കുട്ടി കരയുമ്പോൾ അവന്റെ തലയിൽ ഒരു ചീസ് കഷ്ണം ഇടുക, സിമ്പിൾ” എന്നാണ് ഒരാളുടെ കമന്റ്.
“നിങ്ങൾ ഇത് ശരിക്കും ചെയ്തോ അമ്മേ?” എന്നാണ് ആ കുട്ടിയുടെ മുഖഭാവം അർത്ഥമാക്കുന്നത് എന്നാണ് മറ്റൊരാളുടെ കമന്റ്. കരയുന്ന എല്ലാ കുട്ടികളുടെ കാര്യത്തിലും ഈ ഐഡിയ വർക്ക് ആകുമോ എന്നാണ് മറ്റൊരാൾക്ക് അറിയേണ്ടത്.