തിരുവനന്തപുരം: സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ അതൃപ്തി അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുമായി ബന്ധപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. രാഷ്ട്രീയ ഇടപെടൽ തുടർന്നാൽ ചാൻസിലർ പദവി ഒഴിയാൻ താൻ തയ്യാറാണെന്നും പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഗവർണർ കത്തിൽ പറയുന്നു.
കണ്ണൂർ, കാലടി സർവകലാശാലകളിലെ വൈസ് ചാൻസിലർ നിയമനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഇടപെടലുകളാണ് ഗവർണറെ കടുത്ത നിലപാടെടുക്കാൻപ്രേരിപ്പിച്ചത്. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്ന് ഗവർണർ ചൂണ്ടിക്കാണിച്ചു.
സർവകലാശാലകളിൽ ഇത്തരത്തിലുള്ള പ്രവണതകൾ തുടരുന്നത് തെറ്റാണ്. വേണമെങ്കിൽ ചാൻസിലർ പദവിയിൽ നിന്ന് മാറ്റാം, അല്ലെങ്കിൽ സ്ഥാനം ഒഴിഞ്ഞു തരാം എന്നും ഗവർണർ കത്തിൽ വ്യക്തമാക്കി.ഇത്തരത്തിൽ മുന്നോട്ടുപോയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കത്തിൽ ഗവർണർ വ്യക്തമാക്കി.
കാലടി സർവകലാശാല വിസി നിയമനത്തിൽ സർക്കാർ നടത്തിയ ഇടപെടൽ ഗവർണറെ ചൊടിപ്പിച്ചിരുന്നു. സർവകലാശാല വിസിയെ കണ്ടെത്തുന്നതിനായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വികെ രാമചന്ദ്രന്റെ നേതൃത്വത്തിൽ ഒരു സെർച്ച് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. യൂണിവേഴ്സിറ്റി ആക്ട് പ്രകാരം സെർച്ച് കമ്മിറ്റി രണ്ട് മാസത്തിനകം പട്ടിക നൽകണമെന്നാണ് ചട്ടം. എന്നാൽ രണ്ട് മാസക്കാലത്തിനിടയിൽ ഒരു പേര് പോലും കമ്മിറ്റിക്ക് നിർദേശിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് സർക്കാർ തന്നെ ഒരു പേര് കണ്ടെത്തി ഗവർണർക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഇത് അംഗീകരിക്കാൻ തയ്യാറാകാത്ത ഗവർണർ,മറുപടിയെന്നോണമാണ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്.
Content Highlights: VC Appointment – Governor mohammed arif khan against government