തിരുവനന്തപുരം> ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായിക്കെതിരെ സെന്റര് ഫോര് ഫിലിം ജെന്ഡര് ആന്ഡ് കള്ച്ചര് സ്റ്റഡീസ് പരാതിനല്കി.അബ്ദുറഹ്മാന് നടത്തിയ അന്തസ്സും ആത്മാഭിമാനവും ഹനിക്കുന്ന വിവാദ പ്രസംഗത്തിനെതിരെ കേസ് രജിസ്റ്റര് ചെയ്യണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്,വനിതാ കമ്മീഷന്,സര്ക്കിള് ഇന്സ്പെറ്റര് – മ്യൂസിയം പൊലീസ് എന്നിവര്ക്കാണ് സംഘടന പരാതി നല്കിയത്.
മന്ത്രി മുഹമ്മദ് റിയാസിനേയും അദ്ദേഹത്തിന്റെ ഭാര്യ വീണാ വിജയനേയും പൊതുജനമധ്യത്തില് മുസ്ലിം ലീഗ് നേതാവ് അബ്ദുള് റഹ്മാന് കല്ലായി വ്യക്തിപരമായ പരാമര്ശങ്ങളിലൂടെ സ്വകാര്യതയിലേക്ക് കടന്നുകയറി അന്തസ്സിനും ആത്മാഭിമാനത്തിനും കളങ്കമേല്പ്പിക്കുക എന്ന ലക്ഷ്യത്തോടെ അപമാനിച്ചിരിക്കുകയാണ്.
‘റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമായിരുന്നു അബ്ദുള് റഹ്മാന് കല്ലായിയുടെ പ്രസ്താവന. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി 2021 ഡിസംബര് മാസം ഒന്പതാം തിയതി കോഴിക്കോട് സംഘടിപ്പിച്ച റാലിയിലാണ് മൈക്ക് കെട്ടിവെച്ചുള്ള വ്യക്തിഹത്യയും അപവാദപ്രചരണവും നടന്നിരിക്കുന്നത്.ഇത് വ്യക്തി എന്ന നിലയില് മുഹമ്മദ് റിയാസിന്റെയും സ്ത്രീ എന്ന നിലയില് വീണാ വിജയന്റെയും മൗലിക അവകാശങ്ങള്ക്കുമേലുള്ള ലംഘനവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്.
ലൈംഗിക ന്യൂനപക്ഷങ്ങള്ക്കെതിരായും പ്രസംഗത്തില് നിരവധിയായ അസഭ്യ പ്രസ്താവനകള് ഉണ്ട്. പ്രസ്തുത വസ്തുതകള് മുന്നിര്ത്തി മനുഷ്യാവകാശ ലംഘനത്തിനും വ്യക്തിഹത്യയ്ക്കും അപവാദ പ്രചരണത്തിനും അബ്ദുള് റഹ്മാന് കല്ലായിക്കെതിരെ ഈ മനുഷ്യാവകാശ ദിനത്തില് തന്നെ നിയമപരമായ നടപടികള് കൈക്കൊള്ളണമെന്നും സെന്റര് ഫോര് ഫിലിം ജെന്ഡര് ആന്ഡ് കള്ച്ചര് സ്റ്റഡീസ് പരാതിയില് വ്യക്തമാക്കി